Saturday, January 21, 2012

റയോകാൻ - സെൻ കവിതകൾ - 3

File:Xia Chang-Clear Wind on the Qi River.jpg

21


ഭിക്ഷ യാചിച്ചും കൊണ്ടു പട്ടണത്തിലേക്കു ഞാൻ പോയി,
പോകും വഴിയ്ക്കൊരു പണ്ഡിതവൃദ്ധനെ ഞാൻ കണ്ടു.
അദ്ദേഹമെന്നോടു ചോദിച്ചു, ‘ഗുരോ, അങ്ങെന്തു ചെയ്യുന്നു,
വെണ്മേഘങ്ങളലയുന്ന മലമുടികൾക്കിടയിൽ?’
ഞാനദ്ദേഹത്തോടും ചോദിച്ചു,‘താങ്കളെന്തു ചെയ്യുന്നു,
പ്രായമേറിക്കൊണ്ടീ പട്ടണച്ചെമ്മൺപൊടിയിൽ?’
ഞങ്ങളന്യോന്യമുത്തരം പറയാൻ തുടങ്ങും മുമ്പേ,
പ്രഭാതമണിനാദം മുഴങ്ങിയെന്റെ സ്വപ്നം മുറിഞ്ഞു.



22

കീ-യെന്ന പ്രവിശ്യയിൽ
തകാനോ-യെന്ന ദേശത്ത്
പഴയൊരമ്പലത്തിൽ
ഞാൻ രാത്രി കഴിച്ചു,
ദേവതാരങ്ങളിലിറ്റുന്ന
മഴത്തുള്ളികളെക്കേട്ടും.



23

അനക്കമറ്റ രാത്രിയിൽ ശൂന്യമായ ജനാലയ്ക്കൽ
ഭിക്ഷുവേഷം ധരിച്ചു ധ്യാനത്തിൽ ഞാനിരുന്നു,
നാഭിച്ചുഴിയും നാസികയുമൊരേ വരയിലാക്കി,
ചുമലുകളുടെ ചായ് വിനൊത്തു കാതുകളിണക്കി.
ജനാല വെളുക്കുന്നു- ചന്ദ്രനുദിച്ചുയരുന്നു,
മഴ പെയ്തുതോരുന്നു, തുള്ളികൾ പിന്നെയുമിറ്റുന്നു.
വിസ്മയാവഹം-ഈ നിമിഷത്തിന്റെ ഭാവം-
വിദൂരം, വിപുലം, എനിക്കു മാത്രമറിയുന്നതും!



24

ഈ ലോകത്തു നമ്മുടെ ജീവിതം-
എന്തിനോടു ഞാനതിനെയുപമിക്കാൻ?
ഒരു മാറ്റൊലിയത്,
മലകൾക്കിടയിൽ മുഴങ്ങുന്നത്,
ഒഴിഞ്ഞ മാനത്തുപോയലിയുന്നത്.



25

ഏകാന്തജീവിതമെങ്ങനെയുണ്ടെ-
ന്നോടൊരാളു ചോദിച്ചാൽ,
ഞാനയാളോടിങ്ങനെ പറയും:
മഴ പെയ്താൽ, പെയ്യട്ടെ!
കാറ്റു വീശിയാൽ, വീശട്ടെ!


link to image

No comments: