Wednesday, January 4, 2012

നിസാർ ഖബ്ബാനി - ഭയമാണെനിക്ക്...


എന്റെ പാർശ്വത്തിൽ നിന്നീ കഠാര വലിച്ചൂരൂ...


എന്റെ പാർശ്വത്തിൽ നിന്നീ കഠാര വലിച്ചൂരൂ.
ഞാനൊന്നു ജീവിച്ചോട്ടെ.
എന്റെ ചർമ്മത്തിൽ നിന്നു നിന്റെ പരിമളം പിൻവലിയ്ക്കൂ.
ഞാനൊന്നു ജീവിച്ചോട്ടെ.
എനിക്കൊരവസരം തരൂ,
മറ്റൊരു സ്ത്രീയെ കണ്ടുമുട്ടാൻ,
എന്റെ ഡയറിയിൽ നിന്നു നിന്റെ പേരു വെട്ടിക്കളയാൻ,
എന്റെ കഴുത്തിൽ ചുറ്റിപ്പടർന്ന
നിന്റെ മുടിയിഴകളറുത്തുമാറ്റാൻ.
എനിക്കൊരവസരം തരൂ,
ഞാനൊന്നു കണ്ടെത്തട്ടെ,
നീയും ഞാനുമൊരുമിച്ചു നടക്കാത്ത പാതകൾ,
നാമൊരുമിച്ചിരിക്കാത്ത കസേരകൾ,
നിന്റെയൊരോർമ്മയുമില്ലാത്ത ഇടങ്ങൾ.
എനിക്കൊരവസരം തരൂ,
നിനക്കു വേണ്ടി ഞാൻ ത്യജിച്ച,
നിനക്കു വേണ്ടി ഞാൻ കൊല ചെയ്ത സ്ത്രീയെ
തിരഞ്ഞുപിടിയ്ക്കാൻ,
എനിക്കു ജീവിതം വീണ്ടെടുക്കാൻ.


മൗനമായിരിക്കൂ...


മൗനമായിരിക്കൂ,
അതിസുന്ദരമായൊരു ശബ്ദമത്രേ,
മേശപ്പുറത്തു
നിന്റെ കൈകളുടെ സംഭാഷണം.


ഭയമാണെനിക്ക്...


എന്റെ പ്രണയം തുറന്നുപറയാൻ
ഭയമാണെനിക്ക്:
വീഞ്ഞിനു പരിമളം നഷ്ടമാവുകയാണ്‌,
ചഷകത്തിലേക്കതു പകരുമ്പോൾ.


നീയെന്നെങ്കിലുമോർത്തുനോക്കിയിട്ടുണ്ടോ...


നീയെന്നെങ്കിലുമോർത്തുനോക്കിയിട്ടുണ്ടോ,
നാമെവിടെയ്ക്കാണു പോകുന്നതെന്ന്.
തോണികൾക്കറിയാം,
എവിടെയ്ക്കാണവ തുഴയുന്നതെന്ന്,
മീനുകൾക്കറിയാം,
എവിടെയ്ക്കാണവ നീന്തുന്നതെന്ന്,
കിളികൾക്കറിയാം
എവിടെയ്ക്കാണവ പറക്കുന്നതെന്ന്.
നാം വെള്ളത്തിൽക്കിടന്നുരുളുന്നതേയുള്ളു,
മുങ്ങുന്നില്ല;
നാം യാത്രാവസ്ത്രങ്ങളണിയുന്നതേയുള്ളു,
യാത്ര ചെയ്യുന്നില്ല;
നാം കത്തുകളെഴുന്നതേയുള്ളു,
അയക്കുന്നില്ല.
പുറപ്പെടാൻ നിൽക്കുന്ന വിമാനങ്ങൾക്കെല്ലാം
നാം ടിക്കറ്റു വാങ്ങുന്നുണ്ട്,
വിമാനത്താവളത്തിൽ നിന്നു നാമനങ്ങുന്നില്ല.
ഇത്രയും ഭീരുക്കളായ യാത്രക്കാർ
ഇതിൻ മുമ്പുണ്ടായിട്ടില്ല,
എന്നെയും നിന്നെയും പോലെ.



No comments: