പുതുവർഷത്തിൽ കാമുകിയോട്
നിന്നെ ഞാൻ സ്നേഹിക്കുന്നു,
നിന്നെ ഞാൻ തളച്ചിടില്ല,
കാറ്റിലും, ജലത്തിലും,
കടലിന്റെ ഏറ്റിറക്കങ്ങളിലും,
സൂര്യഗ്രഹണത്തിന്റെ മുഹൂർത്തത്തിലും.
ജ്യോതിഷികളെന്തും പറഞ്ഞോട്ടെ,
നിന്റെ കണ്ണുകളിലാണെന്റെ ജാതകം.
നിന്റെ മാറിടം
ഖജാന തുറന്നിടൂ!
നിന്റെ എരിയുന്ന മുലകൾ നഗ്നമാക്കൂ,
തടവിലിട്ടു കെടുത്തരുതേ,
എരിയുന്ന അഗ്നിയെ.
അതിമനോഹരചിത്രങ്ങൾ,
നിന്റെ മുലകൾ,
ഉദാരോദയം നൂറ്റ രണ്ടു നൂൽക്കഴികൾ.
അരികിൽ വരൂ, എന്റെ കുറിഞ്ഞിപ്പൂച്ചേ,
തടവിൽ നിന്നു പുറത്തു വരൂ,
അടുത്തു വരൂ,
ഋതുപ്പകർച്ചയിൽ
നിന്റെ മുലകളുടെ വിധിയെന്താവുമെന്നോർത്തു നോക്കൂ.
ഭയക്കേണ്ട,
വിഡ്ഢിയത്രേ, സ്വന്തം മുലകളെ മറയ്ക്കുന്നവൾ,
ഒരു ചുംബനം പോലുമേൽക്കാതെ
യൗവനത്തെ പറഞ്ഞുവിടുന്നവൾ.
ഞാനവളുടെയുടലിനെ വലിച്ചടുപ്പിച്ചു,
എതിർത്തില്ലവൾ, മിണ്ടിയില്ലവൾ,
ഉന്മത്തയായവളെന്നിലേക്കു ചാഞ്ഞു,
വിറപൂണ്ട മുലകളവളെനിക്കു നിവേദിച്ചു,
ഉന്മത്തവികാരത്തോടവൾ പറഞ്ഞു,
“തീ വന്നു തൊടുമ്പോളരുതെന്നു പറയാനരുതെനിക്ക്!”
എന്തിനെനിക്കു ഫോൺ ചെയ്യുന്നു...
എന്തിനെനിക്കു ഫോൺ ചെയ്യുന്നു, എന്റെ സ്ത്രീജനമേ, നീ?
ഇങ്ങനെ സംസ്കാരസമ്പന്നമായ രീതിയിലൂടെന്തിനെന്നെ ആക്രമിക്കുന്നു?
അനുതാപത്തിന്റെ കാലം കഴിഞ്ഞുവെങ്കിൽ,
മുല്ലപ്പൂവിന്റെ കാലം കഴിഞ്ഞുവെങ്കിൽ,
എന്തിനു നീ നിന്റെ സ്വരമുപയോഗിക്കുന്നു,
എന്നെ വീണ്ടും കൊല ചെയ്യാൻ?
മരിച്ച മനുഷ്യനാണു ഞാൻ,
മരിച്ചവർ രണ്ടാമതും മരിക്കുകയുമില്ല.
കൂരാണികളാണു നിന്റെ സ്വരം നിറയെ.
കത്തിമുറിവുകളുടെ ചിത്രത്തുന്നലാണെന്റെയുടലാകെ,
ചോരയിൽ മുങ്ങിയ വിരിപ്പു പോലെ.
*
ഒരു മുല്ലപ്പൂച്ചങ്ങല പോലെയായിരുന്നു
നമുക്കിടയിൽ ടെലിഫോൺ;
ഇന്നതൊരു കൊലക്കയറായിരിക്കുന്നു.
എനിക്കു നിവർന്നുകിടക്കാനൊരു പട്ടുകിടക്കയായിരുന്നു,
മുമ്പൊക്കെ നിന്റെ ഫോൺവിളി;
ഇന്നതു മുൾക്കുരിശ്ശായിരിന്നു,
അതിൽക്കിടന്നു ചോര വാർക്കുകയാണു ഞാൻ.
എത്ര സന്തോഷിച്ചിരുന്നതാണു ഞാൻ,
ഒരു പച്ചത്തത്തയെപ്പോലെ ഫോണിലൂടെ നിന്റെ ശബ്ദമെത്തുമ്പോൾ;
അതും കേട്ടുകൊണ്ടു ഞാൻ കാപ്പി മോന്തി, പുക വലിച്ചു.
എന്റെ ജീവിതത്തിനതനുപേക്ഷണീയമായിരുന്നു.
ഒരു വസന്തം, ഒരു മുത്തുക്കുട,
വനാന്തരങ്ങളുടെ വാസനയെനിക്കെത്തിച്ച ഒരു വിശറി.
ഇന്നിതാ,
നിന്റെ ശബ്ദം കേൾക്കുമ്പോൾ
ദുരന്തത്തിന്റെ മഴയിലെന്നെക്കുളിപ്പിക്കുന്ന
ദുഃഖവെള്ളിയാഴ്ചത്തെ പള്ളിമണികൾ പോലെ.
*
ഈ പീഡനമൊന്നു നിർത്തൂ, എന്റെ സ്ത്രീജനമേ,
എന്റെ സിരകളാകെ അടഞ്ഞുപോയിരിക്കുന്നു,
എന്റെ ഞരമ്പുകൾ വെടിച്ചും പോയിരിക്കുന്നു.
പണ്ടെപ്പോലെതന്നെ വയലറ്റുനിറമാണു
നിന്റെ ശബ്ദത്തിനെങ്കിൽ,
എനിക്കതിപ്പോൾ കാണാനുമാവുന്നില്ല,
വർണ്ണാന്ധനായിപ്പോയി ഞാൻ.
ഹിപ്പിവേഷം ധരിച്ചു നീ...
ഹിപ്പിവേഷം ധരിച്ചു നീ,
മുടിയിൽ പൂക്കൾ ഞാത്തി നീ,
കഴുത്തിൽ മണികൾ തൂക്കി നീ,
മാവോസൂക്തങ്ങൾ വായിച്ചു നീ,
സാംസ്കാരികവിപ്ളവം പഠിച്ചു നീ.
ലോങ്ങ് മാർച്ചിലണിചേർന്നു നീ,
വിപ്ളവത്തിന്റെ പതാകയുയർത്തി നീ,
വിദ്യാർത്ഥികൾ ഭരിക്കട്ടെ ലോകമെന്നു വാദിച്ചു നീ,
പഴയലോകത്തിന്റെ ചുമരുകളിടിയട്ടെയെന്നും.
*
നീലത്തേറ്റകളുള്ളൊരു ജന്തുവിനെപ്പോലെ
പ്രണയം വന്നു നിന്നെയാക്രമിച്ചപ്പോൾപ്പക്ഷേ,
വിരണ്ട ചുണ്ടെലിയെപ്പോലെ
നീ വിറപൂണ്ടു,
മാവോച്ചിത്രം നീ നിലത്തെറിഞ്ഞു,
വിപ്ളവത്തിന്റെ പതാക നീയെടുത്തെറിഞ്ഞു,
മുത്തശ്ശിയുടെ മാറത്തേക്കു കരഞ്ഞുകൊണ്ടു നീ പാഞ്ഞു,
മുത്തശ്ശിയുടെ ഹിതത്തിനൊത്തൊരുവനെയും നീ കെട്ടി.
No comments:
Post a Comment