Monday, January 16, 2012

ചൈനീസ്‌ സെന്‍ കവിതകള്‍

File:Wu Zhen. Fishermen. section.32,5x562,2cm. ca. 1340. Freer..jpg


ലിയു ത്സുങ്ങ്-യുവാൻ


പുഴമഞ്ഞ്

ഒരായിരം മലകളു-
ണ്ടൊരു കുഞ്ഞുകിളിയില്ല,
ഒരായിരം പാതകളു-
ണ്ടൊരു ചോടിൻ പാടില്ല.
ഒരു കൊതുമ്പുവള്ളം,
ഒരു വൈക്കോൽത്തൊപ്പി,
പുഴമഞ്ഞിൽ ചൂണ്ടയിടും
ഒരു വൃദ്ധരൂപം.


ടുങ്ങ് ഷാങ്ങ് ലിയാങ്ങ് ചി


മലകളും മേഘങ്ങളും

പച്ചമലകളുടെ സന്തതികളാണു
വെളുത്ത മേഘങ്ങൾ.
മേഘങ്ങൾ പകലു മുഴുവൻ
ചുറ്റിപ്പറ്റിനടക്കുന്നു;
മലകൾ മിക്കപ്പോഴുമവയെ
ഗൗനിക്കാറുമില്ല.


ഹ്സു യെ പെങ്ങ് യി ത്സുൻ


കല്പങ്ങൾ

ഒരു പുൽക്കൊടി പോലുമില്ലാതെ
പതിനായിരം നാഴിക ദൂരം;
നിറങ്ങളകലെയകലെ,
പുകയിലും മഞ്ഞിലും മുങ്ങി;
അത്ര ദീർഘമാണു കല്പങ്ങൾ.
തല മുണ്ഡനം ചെയ്തു,
വീടും വിട്ടിറങ്ങിയിട്ടെന്തുണ്ടായി?



ചി ഹ്സുവാൻ

പൂക്കൾക്ക്

പൂക്കൾ വിരിഞ്ഞു കാടുകൾ ചുവന്നു,
പിന്നെയവയാകെക്കൊഴിഞ്ഞു,
പതിനായിരം ചില്ലകൾ വെടിഞ്ഞു.
ഒരവശിഷ്ടപുഷ്പം മാത്രം തങ്ങിനിന്നു,
തെന്നലിൽ തൂങ്ങിപ്പിടിച്ചൊരരുണസൂര്യൻ.


ചിങ്ങ് യൂൻ


ഒരു പൈൻമരത്തിന്റെ ചിത്രം

ഈ വട്ടം ഞാനൊപ്പിച്ചെടുത്തുവെന്നു തോന്നുന്നു,
ഒരു പൈൻമരം,
അസ്സലുപോലസ്സലായി.

ഒന്നാലോചിച്ചുനോക്കൂ,
ഓർമ്മയിലൊന്നു ചികഞ്ഞുനോക്കൂ,
അസ്സലുതന്നെയല്ലേയത്, അതോ അല്ലയോ?

അതെനിക്കു പോയിനോക്കേണ്ടിവരുമെന്നു തോന്നുന്നു,
മലമ്പാതയിൽ,
കല്ലുപാലവും കഴിഞ്ഞു തെക്കായി,
വലത്തു നിന്നു മൂന്നാമത്തെ മരം...



പാവോ ചുവേ ത്സു ത്സിൻ

പൂവും പരിമളവും

വസന്തം വാസനിയ്ക്കുന്ന തൊണ്ണൂറു നാൾ
പൂവുകൾ കയറിയിറങ്ങും നാടോടിത്തേനീച്ചകൾ.
അത്രയും പരിമളം തേനറകളിൽ സുരക്ഷിതമായിരിക്കെ,
എവിടെക്കൊഴിഞ്ഞുവീഴും പൂവിതളുകൾ?


ഷിഹ് -തേ


ചണച്ചാക്ക്

എലിയെപ്പിടിയ്ക്കാൻ
സുന്ദരിപ്പൂച്ച പോരാ,
തത്ത്വം പഠിയ്ക്കാൻ
ഭംഗിയുള്ള ഗ്രന്ഥവും പോരാ;
അനർഘരത്നമിരിക്കുന്നതു
ചണച്ചാക്കിൽ;
ബുദ്ധപ്രകൃതി കുടിയേറിയതു
കുടിലുകളിൽ;
പലരും ചാക്കിൽ
പിടികൂടിയിരിക്കുന്നു,
ചുരുക്കം ചിലരേ
തുറന്നുനോക്കുന്നുമുള്ളു.



വു പെൻ

കവിത

കടലിനടിയിൽ ചന്ദ്രൻ
ദീപ്തചന്ദ്രൻ,
ആകാശചക്രം പോലെ
വട്ടത്തിൽ,
അതിലൊരു പിടി
നിങ്ങൾക്കു കൈയിലായാൽ
അതുകൊണ്ടു വിലയ്ക്കുവാങ്ങാം
ആയിരം നാഴിക ദൂരത്തിൽ
വസന്തത്തെ.

ഖഡ്ഗധാരി

ദീർഘിച്ച പത്തുകൊല്ലം
വാൾത്തല ഞാൻ മൂർച്ച കൂട്ടി;
ഇനിയും പരീക്ഷിച്ചുനോക്കിയിട്ടില്ല,
മഞ്ഞു പോലെ വെളുത്ത വായ്ത്തല.
ഇന്നേതന്യമാന്യരേയും പോലെ
അനീതി നോക്കി ഞാൻ നടക്കുന്നു.


No comments: