Tuesday, January 17, 2012

ഹാൻ ഷാൻ - സെൻ കവിതകൾ - 2


7
കുടിയിരിക്കാനൊരിടം തേടുകയാണെന്നോ?
ഹാൻ ഷാൻ തന്നെ പോരേയതിന്‌?
കനത്ത പൈൻമരങ്ങൾക്കിടെ നനുത്ത തെന്നലുണ്ട്,
കാതു കൊടുക്കുന്തോറും കാതിനിമ്പവും കൂടും;
അവയ്ക്കടിയിൽ തല നരച്ചൊരാളൊളിച്ചിരിക്കുന്നു,
ദാവോയുടെ സൂക്തങ്ങളും മന്ത്രിച്ചുമന്ത്രിച്ച്.
പത്താണ്ടായിട്ടും മടങ്ങാനയാൾക്കായിട്ടില്ല,
വന്ന വഴി അയാൾക്കു മറന്നും പോയി.


8
എന്നുമൊരു മിണ്ടാക്കുട്ടിയാണു നിങ്ങളെങ്കിൽ,
പുതിയ തലമുറയ്ക്കെന്തു കഥ പറയാനുണ്ടാവും?
എന്നുമൊരു കൊടുങ്കാട്ടിലൊളിച്ചിരിപ്പാണു നിങ്ങളെങ്കിൽ
നിങ്ങളുടെ ജ്ഞാനദീപമെങ്ങനെ വെളിച്ചം പരത്തും?
എല്ലുകളിട്ടുവച്ച ഈ തോൽസഞ്ചി അത്രയുറച്ച പാത്രമൊന്നുമല്ല,
കാറ്റും മഞ്ഞുമാണെങ്കിൽ തങ്ങളുടെ പണിയിലതിവിരുതന്മാരും.
കരിങ്കല്പാടത്തു കളിമൺകാളയെക്കൊണ്ടുഴാനാണെങ്കിൽ,
കൊയ്യാനുള്ള നാളൊരിക്കലും വന്നുചേരുകയുമില്ല.


9

മുന്നിൽ തെളിഞ്ഞൊഴുകുന്നൊരരുവി,
അരികിൽ ഇരിക്കാൻ നല്ലൊരരികുമായൊരു പാറ,
ഒരേകാന്തമേഘം പോലെ ഹൃദയം,
അതിനാശ്രയിക്കാനൊരു വസ്തുവുമില്ല.
ലോകമിത്രയകലെയായിരിക്കെ,
എന്തിനെത്തേടി ഞാനുഴലാൻ?


10

ഇറങ്ങിച്ചെല്ലുന്തോറും ഭംഗിയേറുന്ന കുന്നുകൾ-
എന്നിട്ടൊരാളുപോലുമീവഴി വന്നിട്ടുമില്ല.
നെടുങ്കൻ പാറകളെ ചുറ്റിപ്പറ്റി അലസമേഘങ്ങൾ,
ഒരു മരത്തലപ്പിലൊരേയൊരു മൊച്ചയും:
മറ്റേതു ചങ്ങാതിമാരെയെനിക്കു വേണം?
ആണ്ടുകളാണ്ടുകൾ പോകെ മുഖവും വടിവും മാറിയാലും,
മനസ്സെന്ന മുത്തിനെ കൈവിടാതെ ഞാനിരിക്കുന്നു.


11

ഇന്നലെ പുഴക്കരെ മരങ്ങളെ ഞാൻ കണ്ടു,
വിശ്വാസം വരാത്ത മാതിരി തകർന്നും നശിച്ചും.
നിവർന്നു നിൽക്കുന്നവ രണ്ടോ, മൂന്നോ,
ഒരായിരം മഴുത്തലകളുടെ പ്രഹരങ്ങളേറ്റവ.
കോടമഞ്ഞു കൊഴിച്ചിടുകയാണു പഴുക്കിലകളെ,
പുഴയലകൾ കാർന്നുതിന്നുകയാണു ദ്രവിച്ച വേരുകളെ.
ജീവിതം കഴിച്ചുകൂട്ടേണ്ടതീവിധമായിരിക്കെ,
എന്തിനു ശപിക്കുന്നു ഭൂമിയെ, സ്വർഗ്ഗത്തെ?


12

നിങ്ങളുടെ പ്രബന്ധങ്ങളൊക്കെ കേമം തന്നെ,
നിങ്ങളുടെയുടൽ കനത്തതുമുറച്ചതും.
ജനനം പക്ഷേ നിങ്ങൾക്കു നല്കുന്നതു പരിമിതമായൊരുടൽ,
മരണം നിങ്ങളെ പേരില്ലാത്തൊരു പ്രേതവുമാക്കുന്നു.
ഈ യത്നം കൊണ്ടു നിങ്ങളെന്തു നേടാൻ?
വരൂ, ഈ വെളുത്ത മേഘങ്ങൾക്കിടയിലേക്കു വരൂ;
ഞാൻ പഠിപ്പിക്കാം ചെമന്ന കുമിളു പാടുന്ന ഗാനം.


 

No comments: