Sunday, January 15, 2012

ഹാൻ ഷാൻ - സെൻ കവിതകൾ


1

എണ്ണമറ്റ ചോലകൾക്കിടയിൽ ഒരായിരം മേഘങ്ങൾ;
അവയ്ക്കിടയിലതിസ്വസ്ഥനായൊരാളും.
പകലു മുഴുവൻ പച്ച തെഴുത്ത കുന്നുകളിലലഞ്ഞുനടക്കുമയാൾ.
രാത്രികളിൽ പാറകൾക്കടിയിൽ വീടെത്തിക്കിടന്നുറങ്ങുമയാൾ.
ഋതുപ്പകർച്ചകളയാളെക്കടന്നുപോകുന്നതെത്രവേഗമെന്നോ!
സ്വസ്ഥൻ, കറ പുരളാത്തവൻ, ഭൂബന്ധമറ്റവൻ.
എന്തുമാതിരി ആനന്ദങ്ങൾ- അവയാശ്രയിച്ചിരിക്കുന്നതേതിനെ?
തെളിഞ്ഞ ശമത്തെ, ശരൽക്കാലത്തെ പുഴവെള്ളം പോലെ.

2

ഹാൻ ഷാനെക്കാണുമ്പോളാളുകൾ പറയുന്നു,
ആളൊരു തുമ്പു കെട്ടവനാണെന്ന്,
കാണാനത്രയ്ക്കേയുള്ളു, കക്ഷിയെന്നും-
കീറത്തുണിയും മരത്തൊലിയും
വാരിച്ചുറ്റി നടക്കുന്നൊരുത്തൻ.
ഞാൻ പറയുന്നതെന്തെന്നവർക്കു പിടികിട്ടുന്നില്ല,
അവരുടെ ഭാഷയല്ല, ഞാൻ സംസാരിക്കുന്നതും.
എന്നെക്കാണാൻ വരുന്നവരോടൊന്നേ ഞാൻ പറയാറുള്ളു:
“തണുപ്പൻമല കയറാനൊന്നു ശ്രമിക്കെന്നേ!”

3

ആളുകൾ ചോദിക്കുന്നു,
തണുപ്പൻമലയിലേക്കുള്ള വഴിയേതെന്ന്.
ഒരു വെട്ടുവഴിയുമവിടെയ്ക്കില്ല.
വേനലിൽ മഞ്ഞുരുക്കമില്ല,
ചുഴലുന്ന മൂടലിൽ ഉദയസൂര്യനും മറയും.
പിന്നെങ്ങനെ ഞാനൊപ്പിച്ചു?
നിങ്ങളുടേതു പോലല്ലെന്റെ ഹൃദയം.
എന്റേതു പോലായിരുന്നു നിങ്ങളുടേതുമെങ്കിൽ
പണ്ടേ നിങ്ങളിവിടെയെത്തിയേനെ.

4

ഹാൻ ഷാൻ നിങ്ങൾക്കെഴുതുന്നു.
ഒരാളും പക്ഷേ ഞാനെഴുതുന്നതു വിശ്വസിക്കില്ല.
തേൻ മധുരിക്കും: ആളുകൾക്കതാണിഷ്ടം;
കഷായം കയ്ക്കും: ഇറക്കാൻ വിഷമിക്കും.
വികാരങ്ങൾക്കു തലോടലേറ്റാൽ
സംതൃപ്തിയ്ക്കതു മതി;
ഇച്ഛയ്ക്കെതിരായിട്ടൊന്നു വന്നാൽ
കോപിക്കാനുമതു മതി.
മരപ്പാവകളെയൊന്നു നോക്കാനേ,
നിങ്ങളോടു ഞാൻ പറയൂ:
അരങ്ങിലാടിത്തളർന്നവയെ.

5

മൂന്നാം മാസം,
പട്ടുനൂൽപ്പുഴുക്കൾ വളർച്ച മുറ്റാത്ത കാലം,
പെൺകുട്ടികൾക്കന്നു നേരമുണ്ടായിരുന്നു,
പൂ നുള്ളാനുമോടിനടക്കാനും.
ചുമരിനരികെ,
പൂമ്പാറ്റകളോടൊത്തവരോടിക്കളിച്ചു.
പുഴക്കരെ, ഒരു കിഴവൻതവളയെ
അവർ കല്ലെറിഞ്ഞോടിച്ചു.
കനിയെപ്പഴുത്ത പഴങ്ങളവർ
പട്ടുതൂവാലകളിൽ വാരിനിറച്ചു.
പൊൻമുടിപ്പിന്നു കൊണ്ടവർ
മുളങ്കൂമ്പുകൾ കുഴിച്ചെടുത്തു.
ബാഹ്യചാരുതയുടെ പകിട്ടുകൾ
ഇത്രയും വിളങ്ങിനിൽക്കെ,
അവയോടു മത്സരിക്കാൻ
തണുപ്പൻമല മോഹിക്കാമോ?


6

എന്റെ മനസ്സേതുപോലെയെന്നു ചോദിച്ചാൽ,
അതു ശരച്ചന്ദ്രനെപ്പോലെ,
ഒരിന്ദ്രനീലത്തടാകം പോലെ-
ശുദ്ധം, സ്പഷ്ടം, ദീപ്തം.
ഒന്നുമില്ലതിനോടുപമിക്കാൻ,
പറയൂ, ഞാനെങ്ങനെ വിശദീകരിക്കാൻ?


ഹാൻ ഷാൻ -എട്ടാം നൂറ്റാണ്ടിൽ ചൈനയിൽ ജീവിച്ചിരുന്ന സെൻ വൈരാഗി. ഹാൻ ഷാൻ (തണുപ്പൻ മല) എന്നു പേരിട്ട ഒരു മലമുകളിൽ ഏകാന്തവാസത്തിലായിരുന്നു.


No comments: