Thursday, January 19, 2012

കാഫ്ക - ഡാൻസർ എഡ്വാർഡോവ


1910-ലെ ഡയറിയില്‍ നിന്ന്‍

ഒരു സ്വപ്നത്തിൽ ഡാൻസർ എഡ്വാർഡോവയോട് ഒരു തവണ കൂടി സർദാസ് നൃത്തം വയ്ക്കാൻ ഞാനപേക്ഷിച്ചു. അവരുടെ മുഖമദ്ധ്യത്ത്, നെറ്റിയുടെ കീഴ്ഭാഗത്തിനും താടിയിലെ മടക്കിനുമിടയിലായി നിഴലോ വെളിച്ചമോ വീതിയേറിയൊരു ചീളായി വീണുകിടന്നിരുന്നു. ഈ സമയത്താണ്‌, ബോധശൂന്യനായ ഒരുപജാപകന്റെ അറയ്ക്കുന്ന ചേഷ്ടകളുമായി ഒരുവൻ അവർക്കടുത്തുചെന്ന് ട്രെയിൻ വിടാറായി എന്ന് അവരോടു പറയുന്നത്. ഈ അറിയിപ്പിന്‌ അവർ കാതു കൊടുത്ത രീതി കണ്ടപ്പോൾ കിടിലം കൊള്ളുന്ന വിധം എനിക്കു ബോദ്ധ്യമായി, അവരിനി നൃത്തം ചെയ്യാൻ പോകുന്നില്ലെന്ന്. ‘ഞാനൊരു ദുഷ്ടത്തിയാണല്ലേ?’ അവർ ചോദിച്ചു. ‘ഹേയ്, അല്ല,’ ഞാൻ പറഞ്ഞു. പിന്നെ ഞാൻ ലക്ഷ്യഹീനനായി അവിടെനിന്നു മാറിപ്പോയി.

അതിനും മുമ്പ് ഞാൻ അവരോടു ചോദിച്ചിരുന്നു, അവരുടെ അരപ്പട്ടയിൽ തിരുകിവച്ചിരുന്ന പൂക്കളെപ്പറ്റി. ‘അതു യൂറോപ്പിലെങ്ങുമുള്ള രാജാക്കന്മാർ തന്നതാണ്‌,’ അവർ പറഞ്ഞു. എന്തായിരിക്കും അതിനർത്ഥമെന്ന് ഞാൻ ചിന്തിച്ചുനോക്കി. അവരുടെ അരപ്പട്ടയിൽ തിരുകിവച്ചിരിക്കുന്ന ആ പുതുപൂക്കളത്രയും യൂറോപ്പിലെ രാജാക്കന്മാർ ഡാൻസർ എഡ്വാർഡോവയ്ക്കു സമ്മാനിച്ചതാണെന്നോ?

സംഗീതപ്രേമിയായ ഡാൻസർ എഡ്വാർഡോവ ട്രാമിൽ യാത്ര ചെയ്യുമ്പോൾ ഊർജ്ജസ്വലരായ രണ്ടു വയലിനിസ്റ്റുകളെ ഒപ്പം കൂട്ടും. അവരെക്കൊണ്ട് ഇടയ്ക്കിടെ വയലിൻ വായിപ്പിക്കുകയും ചെയ്യും. ട്രാമിൽ വയലിൻ വായിക്കരുതെന്നതിന്‌ വ്യക്തമായ കാരണങ്ങളൊന്നുമില്ല, വായന നന്നായിട്ടുണ്ടെങ്കിൽ, സഹയാത്രികർക്ക് അതിഷ്ടപ്പെടുന്നുവെങ്കിൽ, അതിനു ചെലവൊന്നുമില്ലെങ്കിൽ; എന്നു പറഞ്ഞാൽ, പിന്നീടൊരാൾ തൊപ്പിയും നീട്ടിപ്പിടിച്ചു പണം പിരിക്കാനായി നടക്കുന്നില്ലെങ്കിൽ. ആദ്യമൊക്കെ ഒരമ്പരപ്പു തോന്നിയേക്കാമെന്നതു ശരിതന്നെ, അല്പനേരത്തേക്ക് അതനുചിതമായി എല്ലാവർക്കും തോന്നിയെന്നും വരാം. പക്ഷേ കുതിച്ചോടുന്നൊരു ട്രാമിനുള്ളിൽ, പുറത്തു കാറ്റു കനക്കുമ്പോൾ, തെരുവു നിശ്ശബ്ദമായിരിക്കുമ്പോൾ അതിമനോഹരമായിരിക്കും അതു കേട്ടിരിക്കാൻ.

പുറമേ കാണുമ്പോൾ അരങ്ങത്തു കാണുന്നത്ര ഭംഗിയില്ല, ഡാൻസർ എഡ്വാർഡോവയെ കാണാൻ. അവരുടെ നിറം മങ്ങിയ ചർമ്മം, മുഖത്തു ചലനത്തിന്റെ ലാഞ്ഛന പോലും വരാത്ത വിധം, ഒരു യഥാർത്ഥമുഖം പിന്നെ അസാദ്ധ്യമാകും വിധം ചർമ്മത്തെ വലിച്ചുമുറുക്കുന്ന കവിളെല്ലുകൾ, ഒരു ഗഹ്വരത്തിൽ നിന്നെന്ന പോലെ ഉന്തിനിൽക്കുന്ന വലിയ നാസിക- അതിനോടങ്ങനെ സ്വാതന്ത്ര്യമെടുക്കാൻ പറ്റില്ല; തുമ്പത്തു തൊട്ടുനോക്കി കാഠിന്യം പരിശോധിക്കാനോ, മൂക്കിന്റെ പാലത്തിൽ മൃദുവായി പിടിച്ചുകൊണ്ട് ‘ഇനിയൊപ്പം വരൂ,’യെന്നു പറയാനുമാവില്ല. ആവശ്യത്തിലധികം മടക്കുകളുള്ള പാവാടകളുമായി- ആരതിഷ്ടപ്പെടാൻ?- ഇടുപ്പുയർന്ന അവരെക്കാണുമ്പോൾ എന്റെ ഒരമ്മായിയെപ്പോലെ തോന്നും; പ്രായം ചെന്ന ഒരു സ്ത്രീ. പലരുടെയും പല അമ്മായിമാരും കാണാൻ ഇതുപോലെയുണ്ടാവും. പുറത്തു വച്ചു കാണുമ്പോൾ ഈ കുറവുകൾ നികത്തുന്നതായി യാതൊന്നുമില്ല എഡ്വാർഡോവയിൽ, ആ നല്ല കാലടികളല്ലാതെ. ഒരു സംഗതിയുമില്ല, ആവേശത്തിനോ, വിസ്മയത്തിനോ, പോട്ടെ, ബഹുമാനത്തിനെങ്കിലും ഇടകൊടുക്കുന്നതായി. അതു കാരണം ആളുകൾ അവരോട് ഒരുതരം ഉദാസീനതയോടെ പെരുമാറുന്നതും ഞാൻ കണ്ടിരിക്കുന്നു; അതും മറ്റു വിധത്തിൽ അതിനിപുണരും, ഒരിക്കലും തെറ്റു പറ്റാത്തവരുമായ മാന്യദേഹങ്ങൾക്കു പോലും മറച്ചുപിടിയ്ക്കാൻ പറ്റാത്ത ഒരുദാസീനത, എഡ്വാർഡോവയെപ്പോലെ പേരെടുത്ത ഒരു നർത്തകിയ്ക്കു മുന്നിൽ അങ്ങനെയാവാതിരിക്കാൻ സ്വാഭാവികമായും അവർ ജാഗ്രത കാണിക്കാറുണ്ടെങ്കിൽക്കൂടി.

*

എന്റെ ഉടലിനെയോർത്ത്, ഈയുടലും വച്ചുകൊണ്ടുള്ള ഒരു ഭാവിയെയോർത്തുള്ള കൊടുംനൈരാശ്യത്തിൽ നിന്നാണ്‌ ഞാനിതെഴുതുന്നത്.

**

എത്ര നാളുകൾ നിശ്ശബ്ദമായി കടന്നുപോയി. ഇന്ന് മേയ് 28. ഒരു നാളും വിടാതെ ഈ പെൻ ഹോൾഡർ, ഈ തടിക്കഷണം കൈയിലെടുക്കാനുള്ള നിശ്ചയദാർഢ്യം പോലുമെനിക്കില്ലേ? ഇല്ലെന്നുതന്നെ എനിക്കു തോന്നുന്നു. ഞാൻ തുഴയുന്നുണ്ട്, കുതിരസവാരി ചെയ്യുന്നുണ്ട്, നീന്തുന്നുണ്ട്, വെയിലു കൊള്ളുന്നുണ്ട്. അതിനാൽ എന്റെ കാല്‍വണ്ണകൾ കൊള്ളാം, തുടകൾ മോശമല്ല, വയറു തരക്കേടില്ല; പക്ഷേ എന്റെ നെഞ്ചു മുഷിഞ്ഞതാണ്‌, തോളുകൾക്കിടയിൽ ഇറക്കിവച്ചപോലെ തല-
**

നവംബർ 15, 10 മണി

തളർന്നുപോകാൻ ഞാനെന്നെ വിടില്ല; എന്റെ കഥയിലേക്കു ഞാൻ ചാടിക്കയറും, അതിനി എന്റെ മുഖത്തെ തുണ്ടുതുണ്ടായി കീറിമുറിച്ചാലും.


No comments: