Sunday, January 8, 2012

നിസാർ ഖബ്ബാനി - വിമാനത്തിലിരുന്നു നോക്കുമ്പോൾ...



വിമാനത്തിലിരുന്നു നോക്കുമ്പോൾ...

വിമാനത്തിലിരുന്നു നോക്കുമ്പോൾ
മനുഷ്യനവന്റെ വികാരങ്ങളെ കാണുന്നതു മറ്റൊരു വിധത്തിൽ;
പ്രണയം വിമുക്തമാവുന്നു
പൊടിയിൽ നിന്ന്,
ഗുരുത്വാകർഷണത്തിൽ നിന്ന്,
ഭൂമിയുടെ നിയമങ്ങളിൽ നിന്ന്,
ഒരു പഞ്ഞിത്തുണ്ടു പോലതു പാറുന്നു.
ചിതറിയ മേഘക്കമ്പളത്തിനു മേൽക്കൂടി
വിമാനമൊഴുകിനീങ്ങുന്നു.
നിന്റെ കണ്ണുകളതിന്റെ പിന്നാലെയോടുന്നു,
ഒരു പൂമ്പാറ്റയെ പിന്തുടരുന്ന
രണ്ടു വിചിത്രപക്ഷികളെപ്പോലെ.
*
ഒറ്റയ്ക്കാണെന്റെ സഞ്ചാരമെന്നു കരുതിയ ഞാൻ
എന്തൊരു വിഡ്ഢി.
ഞാൻ ചെന്നിറങ്ങിയ ഓരോ വിമാനത്താവളത്തിലും
എന്റെ പെട്ടിയിലവർ കണ്ടെത്തി,
നിന്നെ.



ഒക്കെക്കഴിഞ്ഞു...

ഒക്കെക്കഴിഞ്ഞു.
എന്റെ കാമുകിയായിരിക്കുന്നു നീ.
എന്റെയുടലിലേക്കു നീയിറങ്ങി,
കൂർത്തുമൂർത്തൊരാണി പോലെ,
ദ്വാരത്തിൽ വീഴുന്ന ബട്ടൺ പോലെ,
ഒരു സ്പാനിഷുകാരിയുടെ ലോലാക്കു പോലെ.
*
എങ്കിലെന്റെ കാമുകിയാവൂ,
പിന്നെ നാവടക്കൂ.
എന്റെ പ്രണയത്തിന്റെ നിയമസാധുതയെക്കുറിച്ചു
പ്രതിവാദത്തിനു വരാതിരിക്കൂ.
ഞാൻ തന്നെ എഴുതിയുണ്ടാക്കിയ നിയമം തന്നെ,
എനിക്കു നിന്നോടുള്ള പ്രണയം.
ഒരു ഡെയ്സിപ്പൂവു പോലെ
എന്റെ കൈകളിൽ മയങ്ങുകയെന്നതേ,
നിന്റെ ദൗത്യം,
നിന്നെ ഭരിക്കാൻ
എന്നെ അനുവദിക്കുകയെന്നതും.
എന്റെ കാമുകിയായിരിക്കുകയെന്നതേ,
നിന്റെ ദൗത്യം.



ഒരവധിക്കാലമെടുക്കാൻ...

എന്നിൽ കുടിയേറിയ സ്ത്രീയേ,
ഒരവധിക്കാലമെടുക്കാനെന്നെ നീയനുവദിക്കുമോ,
അന്യരെപ്പോലെ മലകളിലൊരൊഴിവുനാളാസ്വദിക്കാൻ?
പട്ടു കൊണ്ടൊരു സ്പാനിഷ് വിശറിയാണു മലകൾ,
അതിലെഴുതിയിരിക്കുന്നു നിന്റെ ചിത്രം.
കടൽക്കാക്കകളെപ്പോലെ പറന്നെത്തുന്നു നിന്റെ കണ്ണുകൾ,
ഒരു നീലനോട്ടുബുക്കിന്റെ താളുകളിൽ നിന്നു
ചിറകെടുക്കുന്ന വാക്കുകൾ പോലെ.
എന്റെ ഓർമ്മയെ നീയനുവദിക്കുമോ,
നിന്റെ പരിമളത്തിന്റെ കോട്ട തകർത്തു
തുളസിയും പുതിനയുമൊന്നു മണക്കാൻ?
വേനലിന്റെ മട്ടുപ്പാവിലിരിക്കാനെന്നെ നീയനുവദിക്കുമോ,
കോണി കയറിയെത്തുന്ന നിന്റെ ശബ്ദം കേൾക്കാതെ?



No comments: