Thursday, January 5, 2012

നിസാർ ഖബ്ബാനി - മറ്റൊരു പുരുഷനെ...

File:The lovers.jpg

മറ്റൊരു പുരുഷനെ...


മറ്റൊരു പുരുഷനെ നീ കണ്ടെത്തിയെന്നിരിക്കട്ടെ,
നിന്റെ അംഗോപാംഗങ്ങളെ
കവിതയാക്കി മാറ്റുന്നവൻ,
നിന്റെ മുടിയിഴയോരോന്നിനെയും
കവിതയുടെ ഈരടികളാക്കുന്നവൻ,
മറ്റൊരു പുരുഷനെ നീ കണ്ടെത്തിയെന്നിരിക്കട്ടെ,
കവിതയിൽ നിന്നെ നീരാടിക്കാൻ,
കവിത കൊണ്ടു നിന്നെയണിയിക്കാൻ,
അതിനെന്നെപ്പോലെ കെൽപ്പുറ്റവൻ,
എങ്കിൽ ഞാനപേക്ഷിക്കുന്നു,
അയാളോടൊപ്പം പോവുക,
വിസമ്മതമൊന്നും കൂടാതെ.
നീ എനിക്കോ, അയാൾക്കോ എന്നതല്ല പ്രധാനം,
നീ കവിതയ്ക്കുള്ളതെന്നതത്രേ പ്രധാനം.


നിന്റെ കൈയിലൊരു പരിഹാരമുണ്ടോ...


നിന്റെ കൈയിലൊരു പരിഹാരമുണ്ടോ,
നമ്മുടെ ഈ പ്രശ്നത്തിന്‌,
മുങ്ങിത്താഴുകയോ, പൊന്തിക്കിടക്കുകയോ ചെയ്യാത്ത
ഈ പൊളിഞ്ഞ തോണിയ്ക്ക്?
*
നിന്റേതേതു പരിഹാരമായാലും
അതു ഞാൻ സ്വീകരിച്ചോളാം.
കടലുപ്പത്രയ്ക്കു കുടിച്ചുകഴിഞ്ഞു ഞാൻ,
വെയിലത്തത്രയ്ക്കു തൊലി പൊള്ളിക്കഴിഞ്ഞു,
കാടൻമീനുകളുടലത്രയ്ക്കു തിന്നുകഴിഞ്ഞു.
*
യാത്രകളെനിക്കു മടുപ്പായി,
മടുപ്പു തന്നെയെനിക്കു മടുപ്പായി.
നിന്റെ കൈയിലൊരു പരിഹാരമുണ്ടോ,
കൊല്ലാതെ തുളഞ്ഞുകേറുന്ന ഈ വാളിന്‌?
നിന്റെ കൈയിലൊരു പരിഹാരമുണ്ടോ,
നമ്മെയുന്മത്തരാക്കാത്ത ഈ കറുപ്പിന്‌?
*
എനിക്കൊന്നു ചായണം,
ഏതു കല്ലിലായാലും,
ഏതു ചുമലിലായാലും.
എനിക്കു മടുത്തു,
പായകളില്ലാത്ത തോണികളിൽ കയറി,
നടപ്പാതയില്ലാത്ത വഴികളിൽ നടന്നും.
ഒരു പരിഹാരം നിർദ്ദേശിക്കൂ, എന്റെ സ്ത്രീജനമേ,
അതു സ്വീകരിക്കാമെന്നു ഞാൻ വാക്കു തരുന്നു,
എനിക്കൊന്നുറങ്ങിയാൽ മതി.


link to image


1 comment:

വെള്ളരി പ്രാവ് said...

"സ്വന്തം തോല്‍വിയെക്കാള്‍.... അവനവനോട് തന്നെ തോന്നുന്ന പുച്ഛത്തെക്കള്‍.... എത്രയോ വലുതാണ്‌ സ്നേഹം നടിച്ച് പരിഹസിച്ചവരോടുള്ള പക.!!!
"പ്രണയം സാങ്കല്പികമായാലും ഇല്ലെങ്കിലും അത് ജീവിക്കാന്‍ ഒരു കാരണം നല്‍കും":)