Wednesday, January 4, 2012

നിസാർ ഖബ്ബാനി - എന്റെ തൃഷ്ണകൾക്കു പുറത്ത്...


എന്റെ തൃഷ്ണകൾക്കു പുറത്ത്...File:Nizarqabbani.jpg


എന്റെ തൃഷ്ണകൾക്കു പുറത്തു
നിനക്കു ജീവിതമില്ല.
ഞാനാണു നിനക്കു കാലം.
എന്റെ കൈയകലത്തിനു പുറത്തു
നിനക്കർത്ഥവുമില്ല.
ഞാനാണു നിന്റെയളവുകൾ,
നിന്റെ കോണുകൾ, നിന്റെ വൃത്തങ്ങൾ,
നിന്റെ വളവുകളും നിന്റെ വരകളും.
എന്റെ നെഞ്ചിലെ കാട്ടിലേക്കു
നീ കാലെടുത്തുവച്ച നാളത്രേ,
സ്വാതന്ത്ര്യത്തിലേക്കു നീ കടന്നതും.
എന്നെ വിട്ടു  പോയ നാൾ
നീയടിമയായി,
ഏതോ ഗോത്രത്തലവൻ
നിന്നെ വിലയ്ക്കു വാങ്ങി.
*
മരങ്ങളുടെ പേരുകൾ നിന്നെ ഞാൻ പഠിപ്പിച്ചു,
രാപ്രാണികളുടെ സംവാദങ്ങളും.
വിദൂരതാരങ്ങളുടെ മേൽവിലാസങ്ങൾ നിനക്കു ഞാൻ തന്നു.
വസന്തത്തിന്റെ വിദ്യാലയത്തിൽ നിന്നെ ഞാൻ ചേർത്തു,
കിളികളുടെ ഭാഷയും, പുഴകളുടെ അക്ഷരമാലയും നിന്നെ ഞാൻ പഠിപ്പിച്ചു.
നിന്റെ പേരു ഞാനെഴുതിവച്ചു,
മഴയുടെ നോട്ടുപുസ്തകങ്ങളിൽ,
പുതമഞ്ഞിന്റെ വിരിപ്പുകളിൽ,
പൈന്മരക്കായകളിൽ.
നിന്നെ ഞാൻ പഠിപ്പിച്ചു,
മുയലുകളോടും കുറുനരികളോടും സംഭാഷണം ചെയ്യാൻ,
വസന്തത്തിന്റെ കമ്പിളിരോമങ്ങൾ കോതിവയ്ക്കാൻ.
കിളികളുടെ വെളിച്ചം കാണാത്ത കത്തുകൾ നിനക്കു ഞാൻ കാട്ടിത്തന്നു.
വസന്തത്തിന്റെയും ഹേമന്തത്തിന്റെയും ഭൂപടങ്ങൾ നിനക്കു ഞാൻ തന്നു,
ഗോതമ്പു കതിരിടുന്നതെങ്ങിനെയെന്ന്,
വെളുത്ത കോഴിക്കുഞ്ഞുങ്ങൾ തല നീട്ടുന്നതെങ്ങിനെയെന്ന്,
മീനുകൾ പരിണയിക്കുന്നതെങ്ങിനെയെന്ന്
നിനക്കു മനസ്സിലാവുന്നതിനായി.
*
നിനക്കു പക്ഷേ സ്വാതന്ത്ര്യത്തിന്റെ കുതിരയെ മടുപ്പായി.
അതിനാൽത്തന്നെ സ്വാതന്ത്ര്യത്തിന്റെ കുതിര
നിന്നെ കുടഞ്ഞുതാഴെയിട്ടതും.
എന്റെ മാറത്തെ കാടുകളും നിനക്കു മടുപ്പായി,
രാപ്രാണികളുടെ സദിരും നിനക്കു മടുത്തു.
നിലാവിന്റെ വിരികളിൽ നഗ്നയായി കിടന്നുറങ്ങുന്നതും
നിനക്കു മടുത്തു.
അതിനാൽ കാടു വിട്ടു നീ പുറത്തുപോയി,
ഏതോ ഗോത്രത്തലവന്റെ ബലാൽക്കാരത്തിനു വിധേയയാവാൻ,
ചെന്നായ്ക്കൾക്കു തീറ്റയാവാൻ.


അന്നു രാത്രിയിൽ...


അന്നു രാത്രിയിലെന്നോടൊത്തു നീ നൃത്തം വച്ചപ്പോൾ
വിചിത്രമായതെന്തോ സംഭവിച്ചു.
ആകാശത്തിലതിന്റെയിടം വിട്ടിറങ്ങി
ഒരു ദീപ്തതാരമെന്നെനിക്കു തോന്നി,
എന്റെ മാറത്തെ കാടുകളിലതഭയം തേടിയെന്നും.
എന്റെയുടയാടകൾക്കടിയിൽ
ഒരു വൻകാടു വളരുന്നതായെനിക്കു തോന്നി.
ഒരു മൂന്നുവയസ്സുകാരിക്കുട്ടി
എന്റെ കുപ്പായത്തുണിയിൽ
അവളുടെ വീട്ടുപാഠം ചെയ്തെന്നെനിക്കു തോന്നി.
*
നൃത്തം ചെയ്തെനിക്കു ശീലമല്ല.
എന്നാലന്നു രാത്രിയിൽ
നൃത്തം വയ്ക്കുകയായിരുന്നില്ല ഞാൻ,
നൃത്തം തന്നെയായിരുന്നു ഞാൻ.


No comments: