Saturday, January 28, 2012

നിസാർ ഖബ്ബാനി - പ്രണയഗ്രന്ഥത്തിൽ നിന്ന്


എന്നെക്കുറിച്ചന്യർ പറയുന്നതൊക്കെ നേരു തന്നെ…


എന്നെക്കുറിച്ചന്യർ പറയുന്നതൊക്കെ നേരു തന്നെ,
സ്ത്രീവിഷയത്തിൽ, പ്രണയവ്യവഹാരത്തിൽ
എന്നെക്കുറിച്ചു പറഞ്ഞുകേൾക്കുന്നതും...നേരു തന്നെ.
എന്നാലവരറിയുന്നില്ല,
നിന്റെ പ്രണയത്തിൽ രക്തം വാർക്കുകയാണു ഞാനെന്ന്,
ക്രിസ്തുവെപ്പോലെ.
*


ജന്മം കൊണ്ടേ സുന്ദരിയായിരുന്നു…


ജന്മം കൊണ്ടേ സുന്ദരിയായിരുന്നു നീയെന്നതുകൊണ്ടായില്ല,
ഒരു നാളെന്റെ കൈകൾ കടന്നുപോയിട്ടേ,
സുന്ദരിയിലുമധികമായുള്ളു നീ.
*


കണ്ടാലൊരു…


കണ്ടാലൊരു പരലുമീനെപ്പോലെയേയുള്ളു നീ,
പ്രണയത്തിൽ കാതര...ഒരു മീനെപ്പോലെ.
എന്നാലെന്റെയുള്ളിലൊരായിരം സ്ത്രീകളെ
നീ കശാപ്പു ചെയ്തു,
റാണിയുമായി നീ.
*


കുടത്തിൽ നിന്നു…


കുടത്തിൽ നിന്നു ഭൂതം പുറത്തുവ-
ന്നെന്നോടു ചോദിക്കുകയാണെന്നിരിക്കട്ടെ:
“അങ്ങയ്ക്കെന്തുവേണം, യജമാനനേ!
ഈ ലോകത്തെ സർവമരതകങ്ങളും വരിക്കാൻ
ഒരു നിമിഷം ഞാനങ്ങെയ്ക്കു തരാം.”
നിന്റെ കണ്ണുകൾ മതിയെന്നേ ഞാൻ പറയൂ.
*


വാക്കുകൾ കൊണ്ടു വരയ്ക്കുമ്പോൾ


ഇരുപതു കൊല്ലമായിരിക്കുന്നു,
പ്രണയത്തിന്റെ പാതയിലേക്കിറങ്ങിയിട്ട്,
വഴിയിന്നുമപരിചിതമാണെനിക്ക്;
ചിലപ്പോൾ വിജയി ഞാനായിരുന്നു,
പലപ്പോഴും പരാജിതനും.
ഇരുപതുകൊല്ലം, ഹാ, പ്രണയത്തിന്റെ ഗ്രന്ഥമേ,
ഇന്നുമാദ്യത്തെയേടിൽ.
*


വിഡ്ഢിത്തം


ഓർമ്മയുടെ പുസ്തകത്തിൽ നിന്നു
നിന്നെ മായ്ച്ചുകളയുമ്പോൾ,
ഞാനോർത്തില്ല,
എന്റെ ജീവിതത്തിൽപ്പാതി
വെട്ടിക്കളയുകയാണു ഞാനെന്ന്.
*


സമവാക്യം


നിന്നെ പ്രണയിക്കുന്നുവെന്നതിനാൽ
വർത്തമാനകാലമെനിക്കുണ്ടെന്നായി;
ഞാനെഴുതുന്നു, പ്രിയേ,
പോയകാലത്തെ വീണ്ടെടുക്കുവാനായി.


ചിത്രം- മണവാട്ടി - ദാന്തേ ഗബ്രിയേല്‍ റോസെറ്റി (വിക്കിമീഡിയ ശേഖരം)


1 comment:

Vellari Praavu said...

പ്രണയ വാക്കുകള്‍ കൊണ്ട് വരച്ച ഇരുപതു വര്‍ഷങ്ങള്‍......!!!!!!***8,
ഈ പോസ്റ്റ്‌ ഏറെ പ്രിയം.