Wednesday, January 25, 2012

കാഫ്ക - ഒരു പരിഛേദനകര്‍മ്മം


ഡിസംബർ 18

ഞാൻ വെർഫലിനെ വെറുക്കുന്നു, അതു പക്ഷേ അവനോട് എനിക്കസൂയ ഉള്ളതുകൊണ്ടല്ല, അവനോടും എനിക്കസൂയ ഉള്ളതു കൊണ്ടാണ്‌. അവൻ ആരോഗ്യവാനാണ്‌, ചെറുപ്പക്കാരനാണ്‌, പണക്കാരനുമാണ്‌, ഞാനല്ലാത്തതൊക്കെ. അതിനും പുറമേ, സംഗീതബോധം കൊണ്ട് അനുഗൃഹീതനുമാണവൻ; സ്തുത്യർഹമായ ജോലി ചെയ്തു കഴിഞ്ഞിരിക്കുന്നു അവൻ, വളരെ നേരത്തേ, വളരെ അനായാസമായും. അതിസന്തുഷ്ടമായ ഒരു ജീവിതമാണ്‌ അവനു പിന്നിലുള്ളത്, മുന്നിലുള്ളതും; ഞാനോ, കുടഞ്ഞെറിയാനാവാത്ത ഭാരങ്ങളും വച്ചു വേണം ഞാൻ ജോലി ചെയ്യാൻ; സംഗീതമാകട്ടെ, എനിയ്ക്കു തീരെ വിലക്കപ്പെട്ടതും.


ഡിസംബർ 24

ഇന്നു രാവിലെ എന്റെ മരുമകന്റെ പരിഛേദനം. ഉയരമധികമില്ലാത്ത, കാലു വില്ലുപോലെ വളഞ്ഞ ഓസ്റ്റർലിറ്റ്സ് -2800 പരിഛേദനങ്ങൾ ഇതിനകം നടത്തിക്കഴിഞ്ഞിരിക്കുന്നു അയാൾ- വളരെ വിദഗ്ധമായി ആ സംഗതി നിർവഹിച്ചു. കുട്ടി മേശപ്പുറത്തല്ല, അവന്റെ മുത്തശ്ശന്റെ മടിയിലാണു കിടക്കുന്നതെന്നതിനാലും, ക്രിയ നടത്തുന്ന വ്യക്തിയ്ക്ക് അതിൽ മാത്രം ശ്രദ്ധിക്കാതെ ചില പ്രാർത്ഥനകൾ ഉരുവിടേണ്ടതുണ്ട് എന്നതിനാലും വൈഷമ്യമേറിയൊരു ശസ്ത്രക്രിയയാണത്. ആദ്യം തന്നെ കുട്ടിയെ അവന്റെ അവയവം മാത്രം പുറത്തു കാണത്തക്ക വിധം കെട്ടിപ്പൊതിഞ്ഞ് അനങ്ങാൻ പറ്റാതെയാക്കുന്നു. പിന്നെ മുറിക്കേണ്ട ഭാഗം കൃത്യമായി തിരിക്കാൻ തുളയുള്ള ഒരു ലോഹത്തകിട് വയ്ക്കുന്നു; പിന്നെ വെറുമൊരു സാധാരണ കത്തി കൊണ്ട്, ഒരുതരം മീൻകത്തി കൊണ്ട് മുറിക്കൽ നടത്തുകയാണ്‌. ചോരയും പച്ചമാംസവും നിങ്ങൾ കാണുന്നു; കർമ്മി, നഖം നീണ്ട, വിറയാർന്ന വിരലുകൾ കൊണ്ട് എന്തോ പരതുകയും, മുറിവിനു മേൽ എവിടുന്നോ തൊലി വലിച്ചിടുകയും ചെയ്യുന്നു, കൈയുറയുടെ വിരലുപോലെ. അതോടെ ഒക്കെ ഭംഗിയായി നടന്നുകഴിഞ്ഞു, കുട്ടി കരഞ്ഞിട്ടുപോലുമില്ല. ഇനി ശേഷിക്കുന്നത് ചെറിയൊരു പ്രാർത്ഥന മാത്രം; ഈ സമയത്ത് കർമ്മി അല്പം വീഞ്ഞു കുടിക്കുന്നുണ്ട്, ചോര പറ്റിയിരിക്കുന്ന വിരലുകൾ കൊണ്ട് കുട്ടിയുടെ ചുണ്ടുകളിലും വീഞ്ഞു തൊട്ടുതേയ്ക്കുന്നുണ്ട്. വന്നുകൂടിയവർ പ്രാർത്ഥിക്കുന്നു: “ഇതാ, ദൈവത്തിന്റെ വാഗ്ദത്തം നേടിയപോലെ, അവൻ നേടുമാറാകട്ടെ, തോറാജ്ഞാനവും, സന്തുഷ്ടദാമ്പത്യവും, സൽപ്രവൃത്തികളും.”


ഡിസംബർ 27

നിർഭാഗ്യവാനായ ഒരു മനുഷ്യൻ, സന്തതികളില്ലാതിരിക്കാൻ വിധിക്കപ്പെട്ട ഒരു മനുഷ്യൻ, തന്റെ ദൗർഭാഗ്യത്തിന്റെ ഭയാനകതയിൽ തടവിലാവുകയാണയാൾ. എവിടെയുമില്ല ഒരു പ്രത്യാശ, ഒരു പുനരുത്ഥാനത്തിനായി, ഒരു ഭാഗ്യനക്ഷത്രത്തിന്റെ തുണയ്ക്കായി. ദൗർഭാഗ്യം ബാധിച്ച തന്റെ ജീവിതം ജീവിച്ചുതീർക്കുക തന്നെവേണം അയാൾ. ആ വൃത്തം പൂർത്തിയായാൽ അതിനു കീഴ്വഴങ്ങുകയും വേണമയാൾ; ഒരുങ്ങിപ്പുറപ്പെടുകയുമരുതയാൾ, ദീർഘമായ മറ്റൊരു പാതയിൽ, ശരീരവും കാലവും മറ്റൊന്നായിരിക്കെ, താനിതുവരെയനുഭവിച്ച ദൗർഭാഗ്യം മറഞ്ഞുപോവുകയോ, നല്ലതെന്തെങ്കിലും സൃഷ്ടിക്കുമോ എന്നറിയാൻ.


 

No comments: