Friday, January 20, 2012

കാഫ്ക - ഒരു കഥാസായാഹ്നം


1911-ലെ ഡയറിയില്‍ നിന്ന്‍

നവംബർ 27

ബർണാർഡ് കെല്ലർമൻ ഉറക്കെ വായിച്ചു. ‘വെളിച്ചം കാണാത്ത ചില സംഗതികൾ, എന്റെ തൂലികയിൽ നിന്ന്,’ അയാൾ തുടങ്ങി. കാണുമ്പോൾ ദയാലുവായ ഒരാൾ, മിക്കവാറും നരച്ച മുടി, സമയമെടുത്തു പറ്റെ വടിച്ച മുഖം, കൂർത്ത നാസിക, കവിളെല്ലുകൾക്കു മേലുള്ള പേശികൾ ഇടയ്ക്കിടെ ഓളം വെട്ടുന്നു. ഒരിടത്തരം എഴുത്തുകാരനാണയാൾ; ചില ഭാഗങ്ങൾ നന്നാവാം (ഒരാൾ ഇടനാഴിയിലേക്കു പോകുന്നു, ചുമയ്ക്കുന്നു, ആരെങ്കിലും അവിടെയുണ്ടോയെന്നറിയാൻ ചുറ്റും നോക്കുന്നു); താൻ വാഗ്ദാനം ചെയ്തതു വായിക്കാനാഗ്രഹിക്കുന്നതിനാൽ വാക്കിനു നെറിയുള്ളയാളും; സദസ്യർ പക്ഷേ അതിനയാളെ അനുവദിക്കുകയുമില്ല. മാനസികവൈകല്യമുള്ളവരെ ചികിത്സിക്കുന്ന ഒരാശുപത്രിയെക്കുറിച്ചുള്ള ആദ്യത്തെ കഥ കൊണ്ടുതന്നെ വിരണ്ടതു കാരണം, വായനയുടെ മുഷിപ്പൻ രീതി കാരണം, ആളുകൾ, കഥയുടെ വിലകുറഞ്ഞ പരിണാമഗുപ്തി ഇരിക്കെത്തന്നെ, ഓരോരുത്തരായി ഇറങ്ങിപ്പോവുകയായിരുന്നു, തൊട്ടപ്പുറത്തു നടക്കുന്ന മറ്റാരുടെയോ കഥാവായന കേൾക്കാനുള്ള ഉത്സാഹം കൊണ്ടെന്നപോലെ. കഥയുടെ മൂന്നിലൊന്നു തീർത്ത് അല്പം വെള്ളം കുടിയ്ക്കാനായി അയാൾ ഒന്നു നിർത്തിയപ്പോൾ ഒരുകൂട്ടമാളുകൾ അങ്ങനെതന്നെ സ്ഥലം വിട്ടു. ആൾ വിരണ്ടുപോയി. ‘ഇതു കഴിയാറായി,’ അയാൾ പച്ചക്കള്ളം തട്ടിവിട്ടു. ഒടുവിൽ വായന കഴിഞ്ഞപ്പോൾ സർവ്വരും എഴുന്നേറ്റുനിന്നു. ചെറിയൊരു കൈയടിയുണ്ടായി; അതു കേട്ടിട്ട്, എഴുനേറ്റുനിൽക്കുന്ന അത്രയുമാളുകൾക്കിടയിൽ ഒരാൾ മാത്രം ഇരുപ്പുണ്ടെന്നും, അയാളാണു കൈയടിക്കുന്നതെന്നും തോന്നിപ്പോയി. കെല്ലർമന്നു പക്ഷേ പിന്നെയും വായിക്കണം മറ്റൊരു കഥ, പറ്റിയാൽ പല കഥകൾ. പക്ഷേ, വേലിയിറക്കം പോലെയുള്ള ആ ഒഴിഞ്ഞുപോക്കിനു മുന്നിൽ വാ പൊളിച്ചുനിൽക്കാനേ അയാൾക്കു കഴിഞ്ഞുള്ളു. ഒടുവിൽ ആരോ ഉപദേശിച്ചതു കാരണം അയാൾ പറഞ്ഞു, ‘പതിനഞ്ചു മിനുട്ടു മാത്രമെടുക്കുന്ന ഒരു കഥ കൂടി വായിക്കണമെന്നെനിക്കുണ്ട്. അതിനു മുമ്പ് ഒരഞ്ചു മിനുട്ട് വിശ്രമം.’ പലരും പിന്നെയും ശേഷിച്ചു. തുടർന്ന് അയാൾ വായിച്ച കഥയിലെ ഭാഗങ്ങൾ തന്നെ മതിയായ ന്യായീകരണമായിരുന്നു, സദസ്സിന്റെ അങ്ങേയറ്റത്തിരിക്കുന്ന ഒരാൾക്ക് സദസ്സിന്റെ നടുവിലൂടെ, അവർക്കു മുകളിലൂടെയും ചാടിയോടുന്നതിന്‌.


1911 ഫെബ്രുവരി 21

എനിക്കു രണ്ടാമതൊരു ജന്മം തീർച്ചയായിട്ടുണ്ടെന്ന മട്ടിലാണ്‌ ഇവിടത്തെ എന്റെ ജീവിതം.

മേയ് 27

ഇന്നു നിന്റെ പിറന്നാളാണ്‌; പക്ഷേ പതിവുള്ള പുസ്തകം പോലും ഞാനയക്കുന്നില്ല; കാരണം, അതൊരു നാട്യമാവുകയേയുള്ളു. നിനക്കു പുസ്തകം സമ്മാനിക്കാനുള്ള അവസ്ഥയിലല്ല ഞാനെന്നതാണു വാസ്തവം. ഞാനിതെഴുന്നുവെങ്കിൽ, അത് ഇന്നത്തെ ദിവസം ഒരു നിമിഷമെങ്കിലും നിന്റെ അരികിലിരിക്കുക എനിക്കത്രയുമത്യാവശ്യമായതുകൊണ്ടും, അതിനി ഈ കാർഡു വഴിയ്ക്കാണെങ്കിൽ അങ്ങനെ. ഒരു പരാതി കൊണ്ടു തുടങ്ങിയത് നിനക്കെന്നെ അത്രവേഗം മനസ്സിലായിക്കോട്ടെ എന്നു കരുതിയും.


ആഗസ്റ്റ് 26

നാളെ ഞാൻ ഇറ്റലിയ്ക്കു പുറപ്പെടുമെന്നാണു വച്ചിരിക്കുന്നത്. കഴിഞ്ഞ കുറേ രാത്രികളായി അച്ഛന്‌ ഉറക്കമേയില്ല; തന്റെ ബിസിനസ്സിനെക്കുറിച്ചുള്ള ആധികളിലും, അവ വഷളാക്കിയ രോഗത്തിലും പൂർണ്ണമായും നിമഗ്നനാണദ്ദേഹം. നെഞ്ചത്തു നനച്ചിട്ട തുണി, ഛർദ്ദി, വിമ്മിഷ്ടം, നെടുവീർപ്പുകളുടെ അകമ്പടിയോടെയുള്ള ചാലിടൽ. അമ്മ തന്റെ ഉത്കണ്ഠയിൽ പുതിയൊരു സാന്ത്വനം കണ്ടെത്തിയിരിക്കുന്നു. അദ്ദേഹത്തിന്‌ എന്നും നല്ല ചുറുചുറുക്കായിരുന്നു, എന്തുമദ്ദേഹം മറികടന്നിരിക്കുന്നു. ഇനിയിപ്പോൾ...ബിസിനസ്സു സംബന്ധമായിട്ടുള്ള വൈഷമ്യമൊക്കെ ഇനിയൊരു മൂന്നു മാസമേ നീണ്ടുനിൽക്കൂയെന്നും, അതു കഴിഞ്ഞാൽ ഒക്കെ ശരിയായിത്തന്നെയാവണമെന്നും ഞാൻ. അദ്ദേഹം നടപ്പു തന്നെയാണ്‌, നെടുവീർപ്പുകളുതിർത്തും, തലയിട്ടിളക്കിയും. സ്വന്തം വീക്ഷണത്തിൽ അദ്ദേഹത്തിനു വ്യക്തമാണ്‌, തന്റെ വേവലാതികൾ താൻ തന്നെ ചുമക്കണമെന്നും, ഞങ്ങളെക്കൊണ്ട് അതിന്റെ ഭാരമൊന്നു കുറയ്ക്കാൻ പോലുമാവില്ലെന്നും. ഞങ്ങളുടെ വീക്ഷണത്തിൽ നിന്നു നോക്കിയാലും ഞങ്ങൾ ഒരാശ്വാസവുമാവാൻ പോകുന്നില്ലെന്ന് ഞങ്ങൾക്കറിയാം; ഞങ്ങളുടെ ഏതു സദുദ്ദേശ്യത്തിലുമുണ്ടാവും, അദ്ദേഹം തന്നെ വേണം കുടുംബത്തെ രക്ഷിക്കാനെന്ന വിഷാദം കലർന്ന ബോദ്ധ്യം...

സെപ്തംബർ 26

ചിത്രകാരൻ കുബിൻ: ബലിഷ്ഠവും, അതേസമയം ഭാവഭേദമില്ലാത്തതുമായ മുഖം. ഒന്നിനൊന്നു വൈവിദ്ധ്യമുള്ള  കാര്യങ്ങൾ പറയുമ്പോഴും പക്ഷേ, മുഖപേശികളുടെ ചലനം സമാനം തന്നെ. പ്രായത്തിൽ, വലിപ്പത്തിൽ, ബലത്തിൽ വ്യത്യസ്തനായി തോന്നും, ആൾ ഇരിക്കുകയാണോ, നിൽക്കുകയാണോ, ഷർട്ടു മാത്രമേ ധരിച്ചിട്ടുള്ളോ അതോ ഓവർക്കോട്ടു കൂടി ഇട്ടിട്ടുണ്ടോയെന്നതിനെ ആശ്രയിച്ച്.


സെപ്തംബർ 27

ഒരു പെൺകുട്ടിയുടെ വേഷത്തിൽ കണ്ട, കൈയ്ക്കു താഴെയായി തുന്നിപ്പിടിപ്പിച്ച മനോഹരമായ വലിയ ബട്ടൺ. വേഷവും മനോഹരമായിരിക്കുന്നു; അമേരിക്കൻ ബൂട്ടുകൾക്കു മേൽ അതു പാറിക്കിടക്കുന്നു. എത്ര ചുരുക്കമായിട്ടാണ്‌ മനോഹരമായതൊന്നു സൃഷ്ടിക്കാൻ എനിക്കു കഴിയുക? ശ്രദ്ധയിൽ പെടാത്ത ഈ ബട്ടണും, അതു തുന്നിപ്പിടിപ്പിച്ച അജ്ഞയായ തയ്യൽക്കാരിയും അതിൽ വിജയിച്ചിരിക്കുന്നു.


No comments: