Monday, January 16, 2012

സു ദുങ്ങ്പോ - സെൻ കവിതകൾ

File:Attributed to Tan Zhirui, Chinese (active late 13th to early 14th century), ‘Bamboo and Rocks’, c. 1275.jpg

വീണ


ചിലർ പറയുന്നു,
വീണയിൽത്തന്നെയുണ്ട് സംഗീതമെന്ന്;
എങ്കിലെന്തേ,
മൂടിവയ്ക്കുമ്പോഴതു മൂകമാവുന്നു?
ചിലർ പറയുന്നു,
മീട്ടുന്ന വിരലുകളിലാണു സംഗീതമെന്ന്;
എങ്കിലെന്തേ,
നിന്റെ വിരലുകളിൽ ഞാനതു കാണുന്നുമില്ല?



മിയാഞ്ചിയിൽ പോയ നാളുകൾ

മനുഷ്യജന്മത്തെ നാമെന്തിനോടുപമിക്കാൻ?
ചെളിയിലോ മഞ്ഞിലോ പറന്നിറങ്ങിയ
കാട്ടുവാത്തിന്റെ കാല്പാടുകളോടോ?
ഇന്ന ദിക്കെന്നില്ലാതെ പറന്നുയരും മുമ്പേ
ചെളിയിലതിന്റെ നഖങ്ങൾ പതിഞ്ഞുവെന്നേയുള്ളു.
കിഴവൻ ഭിക്ഷു ചത്തുപോകുന്നു,
പുതിയൊരു സമാധി പണിതീരുന്നു;
പഴയ ചുമരു ദ്രവിച്ചുതിരുന്നു,
അതിൽ നാമെഴുതിവച്ച കവിതയും മായുന്നു.
നിനക്കിന്നുമോർമ്മയുണ്ടോ,
അന്നു നാം നടന്ന പരുക്കൻ മലമ്പാതകൾ,
ദീർഘിച്ച വഴിയും, നമ്മുടെ ക്ഷീണവും,
ഒരു മുടന്തൻകഴുത കരഞ്ഞുനിൽക്കുന്നതും?



അചേതനങ്ങളുടെ ധർമ്മപ്രവചനം

ബുദ്ധന്റെ ദീർഘവും വിസ്തൃതവുമായ നാവത്രേ,
മർമ്മരം വയ്ക്കുന്ന ചോല;
നൈർമ്മല്യത്തിന്റെ ഉടലല്ലേ,
വടിവൊത്ത മലനിരയും?
എമ്പതിനായിരം ഗാഥകൾക്കു കാതോർത്തു
രാത്രി മുഴുവൻ ഞാൻ കിടന്നു;
പിന്നെ പ്രഭാതമാവുമ്പോൾ,
ഞാനിതൊക്കെയെങ്ങനെ വിശദീകരിക്കാൻ?

(അചേതനങ്ങളും ധർമ്മോപദേശം ചെയ്യാറുണ്ടോയെന്നു ശിഷ്യൻ ഗുരുവിനോടു ചോദിച്ചു; “നിരന്തരമായി,” എന്നായിരുന്നു ഗുരുവിന്റെ മറുപടി. സു ദുങ്ങ്പോ രാത്രി മുഴുവൻ ഈ പ്രഹേളികയുമായി ആലോചിച്ചുകിടന്നു; പുലർച്ചെ എഴുന്നേറ്റ് ഈ കവിത എഴുതുകയും ചെയ്തു.)



ഭൂമിയ്ക്കും സ്വർഗ്ഗത്തിനുമിടയിൽ...

ഭൂമിയ്ക്കും സ്വർഗ്ഗത്തിനുമിടയിൽ പിറന്നവരാണു നമ്മൾ,
കൂറ്റനൊരു തിരികല്ലിൽ സവാരി ചെയ്യുന്ന ഒറ്റയാനുറുമ്പുകൾ.
ഇടത്തേക്കൊന്നു തിരിയാൻ നാമെങ്ങാൻ ശ്രമിച്ചുപോയാൽ
കാറ്റിന്റെ ചക്രം നമ്മെ വലത്തേക്കടിച്ചുപായിക്കും.
നന്മയും ധർമ്മവുമൊക്കെ ഞാൻ പ്രവൃത്തിയിലാക്കിയിട്ടുണ്ടെങ്കിലും
വിശപ്പും തണുപ്പും ഞാൻ സഹിക്കാതെപോയിട്ടുമില്ല.
വാൾത്തലപ്പിന്റെ അരിക്കലം- ചോറു വയ്ക്കാനൊരപായവഴി!
കൂരാണി കൊണ്ടൊരു തടുക്ക് - അതിൽ സുഖിച്ചിരുപ്പുമില്ല.
എന്നാലുമെനിക്കില്ലേ, ഈ മലകളുമരുവികളും?
കണ്ണു ചിമ്മിത്തുറക്കും മുമ്പേ കൊടുങ്കാറ്റും കടന്നുപോകും;
കിഴവനാവണമെന്നില്ല ജീവിതത്തിൽ നിന്നു പിന്തിരിയാനെങ്കിലും,
അതിനുള്ള മനക്കരുത്തെത്രപേർക്കുണ്ടാവും?
മേയാൻ വിട്ട കുതിരയെപ്പോലെ ഭാഗ്യവാനാണു ഞാൻ,
അവന്റെ തളർന്ന പിടലിയിൽ നിന്നു നുകവും മാറ്റിയിരിക്കുന്നു.
ഇതൊക്കെ മതിയെന്റെ വിശപ്പിനും ദാരിദ്ര്യത്തിനുമെതിരു നിൽക്കാൻ.
അനുശോചനങ്ങളും വേണ്ട, അഭിനന്ദനങ്ങളുമെനിക്കു വേണ്ട!
സ്വസ്ഥനും ശാന്തനുമായിരിക്കെ സുഖവും ദുഃഖവും ഞാനറിയുന്നില്ല,
അതിനാലീ ദുരിതത്തിന്റെ വാക്കുകളെ ഞാൻ പാട്ടാക്കി മാറ്റുന്നുമില്ല.



ഒരു ഗുരുവിന്റെ ആശ്രമത്തിൽ

അന്തിച്ചെണ്ട കൊട്ടുന്നതദ്ദേഹം തനിയെ,
അതികാലത്തു മണി മുഴക്കുന്നതുമദ്ദേഹം തന്നെ;
ആശ്രമവാതിലടയുന്നതൊരേയൊരു തലയിണയ്ക്കു മേൽ,
മുനിഞ്ഞുകത്തുന്നൊരൊറ്റവിളക്കിനുമേൽ.
വെളുത്ത ചാമ്പലിനിടയിൽ ചുവന്ന കനലുകളൊന്നിളക്കി
ഗുരു പിന്നെ നടുനീർക്കുന്നു, ജനാലയിൽ മഴ തല്ലുന്നതു കേൾക്കാൻ.



പുഴക്കരെ ഒരു ചിരഞ്ജീവി

കിഴക്കൻമലഞ്ചരിവിൽ കുടിച്ചിരിക്കെ രാത്രിയായി,
ഉണരുമ്പോൾ വെളിവു വന്നിട്ടുമില്ല;
പാതിരയ്ക്കേതോ നേരത്തു ഞാൻ വീട്ടിലെത്തി,
ഇടി വെട്ടുമ്പോലെ കൂർക്കം വലിച്ചുറക്കമാണു വേലക്കാരൻ,
എത്ര മുട്ടിയിട്ടും ഫലമൊന്നും കാണാനുമില്ല.

ഊന്നുവടിയിൽ ചാരി, പുഴയ്ക്കു കാതോർത്തു നിൽക്കെ,
മറ്റൊരാളുടേതായിരുന്നെങ്കിലീയുടലെന്നു ഞാൻ മോഹിച്ചുപോയി;
ഈ ദുരിതത്തിൽ നിന്നൊരു മോചനമെനിക്കെന്നു കിട്ടാൻ?

കാറ്റും കടലുമടങ്ങിയ ദീർഘരാത്രി;
ഒരു തോണി കണ്ടെത്തി ഞാൻ തുഴഞ്ഞുപോയേനേ,
ശേഷിച്ച നാളുകൾ ഞാനൊഴുകിക്കഴിച്ചേനേ,
പുഴയെ നമ്പിയും, കടലിനെ നമ്പിയും.



വേനൽരാത്രി

പൈൻമരത്തിന്റെ പരിമളം
ധ്യാനത്തിൽ നിന്നുണരുക
പുതുമയോടെ,
പടുതകളുയർത്തുക,
പച്ചമുളങ്കാടിൽ ചൂളിയിരു-
ന്നന്തിക്കുളിരു കൊള്ളുക,
കിഴക്കൻചുമരുരുമ്മുന്നു
ചന്ദ്രൻ,
മൗനിയായി


സു ദുങ്ങ്പോ (1037-1101)- സോങ്ങ് കാലഘട്ടത്തിലെ ഏറ്റവും മഹാനായ കവി.


4 comments:

Pradeep paima said...

വായിച്ചു ട്ടോ

kaviurava said...

നല്ല മൊഴിമാറ്റം...ശ്രേയസ്സ് നേരുന്നു.... ഈ നന്മയുടെ പ്രവര്‍ത്തനം തുടര്‍ന്നു കോണ്ടേയിരിക്കുക.

Unknown said...

congrats

Unknown said...

congrats