Thursday, January 12, 2012

ലോര്‍ക്ക–നാടകഗാനങ്ങൾ - 2


പുരുഷൻ:
മടങ്ങിവരും ഞാനെന്റെ മുറപ്പെണ്ണേ,
പൊന്നു,മാനന്ദത്തിന്റെ പായകളുമാ-
യാകെത്തിളങ്ങുന്നൊരു നൗകയിൽ;
ഇരുട്ടത്തും വെളിച്ചത്തും, പകലും രാത്രിയും
നിന്നെ പ്രേമിക്കുകയെന്നതേ
ഞാനോർമ്മവയ്ക്കുകയുള്ളു.

സ്ത്രീ:
ഒറ്റയ്ക്കായിപ്പോകുന്നൊരാത്മാവിൽ
പ്രണയം പകരുന്ന വിഷമോ,
കടലിന്റെയും കരയുടെയുമകലം കൊണ്ടൊരു
ശവക്കോടിയെനിക്കു നെയ്യും.

പുരുഷൻ:
മഞ്ഞിലീറനായ പുൽനാമ്പുകൾ
എന്റെ കുതിര സാവധാനം കാരുമ്പോൾ,
കാറ്റിന്റെ നനഞ്ഞ ചുമരിൽ
പുഴമഞ്ഞിഴഞ്ഞുകേറുമ്പോൾ,
ഗ്രീഷ്മത്തിന്റെ ക്ഷുബ്ധജ്വാലകൾ
താഴ്വരയിൽ കുങ്കുമം തളിയ്ക്കുമ്പോൾ,
പരൽമഞ്ഞെന്റെ മേൽ
നക്ഷത്രദീപ്തി വിട്ടുപോകുമ്പോൾ,
ഈ നിമിഷം ഞാൻ പറയട്ടെ,
നിന്നെ സ്നേഹിക്കുന്നുവെന്നതിനാൽ,
നിനക്കായി ഞാൻ മരിക്കും.

സ്ത്രീ:
നീ മടങ്ങിവരുന്നതു കാണാനെനിക്കു കൊതി,
ഗ്രനാഡായിലൊരു സന്ധ്യയിൽ,
കടലിനോടുള്ള തൃഷ്ണ കൊണ്ടുപ്പു ചുവയ്ക്കുന്ന വെളിച്ചത്തിൽ;
എന്നിലേക്കുള്ള നിന്റെ വഴിയെ വിളംബമാക്കും,
മഞ്ഞിച്ച നാരകത്തോപ്പുകളും,
ചോര വാർന്ന മുല്ലമരവും,
ഇടകലർന്ന കല്ലുകളും;
പിണഞ്ഞ ജടാമാഞ്ചികളുടെ ചുഴലികൾ
എന്റെ പുരമുകൾ പ്രക്ഷുബ്ധമാക്കും.
മടങ്ങിവരുമോ നീ?

പുരുഷൻ:
വരും. ഞാൻ വരും.

സ്ത്രീ:
ഏതു വെള്ളിമാടപ്പിറാവാകും,
നിന്റെ വരവിനഗ്രദൂതൻ?

പുരുഷൻ:
എന്റെ വിശ്വാസത്തിന്റെ നേരു തന്നെ,
എന്റെ മാടപ്രാവും.

സ്ത്രീ:
എങ്കിലിതോർമ്മവയ്ക്കൂ,
നമുക്കൊരുമിക്കാനുള്ള വിരിപ്പുകൾ
ഞാനിന്നു ന്നെയ്തുവയ്ക്കും.

പുരുഷൻ:
ക്രിസ്തുവിന്റെ വജ്രക്കണ്ണീരു സാക്ഷി,
അവന്റെ പാർശ്വത്തിലെ രക്തപുഷ്പം സാക്ഷി,
നിന്നോടൊരുമിക്കാൻ ഞാൻ മടങ്ങിയെത്തും.


(അവിവാഹിതയായ ഡോണാ റൊസീത്താ എന്ന നാടകത്തിൽ നിന്ന്)


link to image


No comments: