Monday, January 23, 2012

കാഫ്ക - അവിവാഹിതന്റെ മരണം

1911-ലെ ഡയറിയില്‍ നിന്ന്‍


നവംബർ 22


എന്റെ പുരോഗതിക്കു വലിയൊരു വിഘാതം എന്റെ ശാരീരികാവസ്ഥയാണെന്നതു തീർച്ച തന്നെ. ഇങ്ങനെയൊരു ശരീരം വച്ചുകൊണ്ടു യാതൊന്നും ഞാൻ കൈവരിക്കാൻ പോകുന്നില്ല. അതിന്റെ നിരന്തരമായ വഴുതിപ്പോകലിനോടു ഞാൻ പൊരുത്തെപ്പെട്ടുപോകേണ്ടിവരും. കഴിഞ്ഞ ചില രാത്രികൾ ഉറക്കം തീരെ കിട്ടാതെ കാടൻസ്വപ്നങ്ങളും കണ്ടു കിടന്നതിന്റെ ഫലമായി ഇന്നു രാവിലെ എഴുന്നേൽക്കുമ്പോൾ ചിന്തയുടെ അടുക്കും ചിട്ടയുമൊക്കെ പോയിരിക്കുന്നു, നെറ്റിത്തടമല്ലാതെ മറ്റൊന്നും ഞാനറിയാതെപോയിരിക്കുന്നു; പകുതിയെങ്കിലും സഹിക്കാവുന്നൊരവസ്ഥ കണ്ണിൽപ്പെടുന്നുണ്ടെങ്കിൽ അതെന്റെ ഇപ്പോഴത്തെ അവസ്ഥയിൽ നിന്നെ വളരെവളരെയകലെ; മരിക്കാനുള്ള കേവലമായ ആഗ്രഹത്തോടെ ഫയലുകളും കൈയിൽപ്പിടിച്ച് ഇടനാഴിയുടെ സിമന്റുതറയിൽ ഒരു പന്തുപോലെ ചുരുണ്ടുകൂടി കിടക്കുകയും ചെയ്തേനെ ഞാൻ. എന്റെ ശരീരത്തിന്റെ ബലക്കുറവിനു നിരക്കുന്നതല്ല, അതിന്റെ നീളക്കൂടുതൽ; കൊഴുപ്പെന്നതതിലില്ല, സുഖകരമായ ഒരൂഷ്മളത ജനിപ്പിക്കാനായി, ഒരാന്തരാഗ്നി കെടാതെ നിർത്തുന്നതിനായി; ആത്മാവിന്‌ അതിന്റെ ദൈനന്ദിനാവശ്യങ്ങൾക്കുമപ്പുറം ഇടയ്ക്കെങ്കിലും സ്വയമൊന്നു പുഷ്ടിപ്പെടുത്തണമെങ്കിൽ അതിനുള്ള കൊഴുപ്പില്ല, എന്റെ ഉടലിൽ. എങ്ങനെയാണ്‌, അടുത്തകാലത്തായി പലപ്പോഴും എന്നെ ശല്യപ്പെടുത്തുന്ന എന്റെ ദുർബലമായ ഹൃദയം എന്റെ കാലുകളുടെ ഇക്കണ്ട നീളമുടനീളം ചോരയൊഴുക്കിയെത്തിക്കുക? മുട്ടുകളിലേക്കെത്തിക്കുക തന്നെ മതിയായ പണിയായിരിക്കെ, കാലുകളുടെ തണുത്ത താഴ്വാരങ്ങളിലേക്ക് മന്ദിച്ചൊരു ശക്തിയോടെ തുള്ളിയിറ്റിക്കാനേ അതിനു കഴിയൂ. പക്ഷേ അപ്പോഴേക്കും മേൽഭാഗത്ത് അതിനാവശ്യം വന്നിരിക്കുന്നു, ഇങ്ങു താഴെ അതു സ്വയം പാഴാക്കുമ്പോൾ  കാത്തുനിൽക്കുകയാണതിനെയവിടെ. എന്റെ ദേഹമുടനീളം സർവതും പിരിഞ്ഞുമാറുകയാണ്‌. ഇങ്ങനെയായിരിക്കെ, അതെന്തു കൈവരിക്കാൻ, ഇനിയഥവാ, ഇതിലും നീളം കുറഞ്ഞതും ഒതുങ്ങിയതുമായിരുന്നു എന്റെ ദേഹമെങ്കിൽക്കൂടി ഞാൻ കൈവരിക്കാനാഗ്രഹിക്കുന്നതിനു മതിയായ ബലം അതിനില്ല്ലെങ്കിൽ?


ഡിസംബർ 3


ഒരവിവാഹിതന്റെ സന്തോഷമില്ലായ്മ, അതിനി പുറമേ തോന്നുന്നതോ യഥാർത്ഥമോ ആവട്ടെ, അയാൾക്കു ചുറ്റുമുള്ള ലോകം അത്ര പെട്ടെന്നൂഹിച്ചെടുക്കുന്നതു കാണുമ്പോൾ അയാൾ താനെടുത്ത തീരുമാനത്തെ ശപിക്കുക തന്നെ ചെയ്യും, നിഗൂഢതയിൽ ആനന്ദം കാണുക കാരണമാണ്‌ അയാൾ അവിവാഹിതനാവാൻ തീരുമാനിച്ചതെങ്കിൽ പ്രത്യേകിച്ചും. അയാൾ നടക്കുന്നത് കോട്ട് കഴുത്തറ്റം വരെ ബട്ടണിട്ടും, കൈകൾ പോക്കറ്റിലാഴ്ത്തിയും, തൊപ്പി കണ്ണുകൾക്കു മേൽ വലിച്ചിട്ടുമാണ്‌; ജന്മനാ കിട്ടിയതെന്ന മട്ടിലായിപ്പോയ ഒരു കള്ളപ്പുഞ്ചിരി അയാളുടെ വായയെ മറയ്ക്കുമെന്നു വച്ചിരിക്കുന്നു, കണ്ണട കണ്ണുകളെയും; മെലിഞ്ഞ കാലുകൾക്കു നിരക്കാത്ത മാതിരി പിടിച്ചുകിടക്കുന്നതാണ്‌ അയാളുടെ ട്രൗസറും. പക്ഷേ ഓരോ മനുഷ്യനുമറിയാം അയാളുടെ അവസ്ഥ; അയാളുടെ ദുരിതങ്ങൾ അവർ എണ്ണിയെണ്ണിപ്പറയും. ഉള്ളിൽ നിന്ന് അയാളുടെ നേർക്കു വീശുകയാണ്‌ ഒരു ശീതക്കാറ്റ്; തന്റെ ഇരട്ടമുഖങ്ങളിൽ വിഷാദത്തിന്റെ മുഖം വച്ച് ഉള്ളിലേക്കു കണ്ണോടിക്കുകയാണയാൾ. ഒരിക്കലും സ്ഥിരതാമസമല്ല അയാളെങ്കിലും മുൻകൂട്ടിക്കാണാവുന്ന ചിട്ടയോടെ വീടു വിട്ടു വീടു മാറുകയാണയാൾ. ജീവിച്ചിരിക്കുന്നവർക്കിടയിൽ നിന്നു മാറിപ്പോകുന്തോറും - തന്റെ മനസ്സിലുള്ളതു പുറത്തു പറയാൻ ധൈര്യം വരാത്ത ബോധവാനായ ഒരടിമയെപ്പോലെ അപ്പോഴും അവർക്കായി അയാൾ പണിയെടുക്കണമെന്നുള്ളതാണ്‌ ഏറ്റവും വലിയ തമാശ- അത്രയും കുറഞ്ഞ ഇടം മതി അയാൾക്കെന്ന് തീരുമാനമാവുകയാണ്‌. മരണം തന്നെ വേണം മറ്റുള്ളവരെ അടിച്ചിടാനെന്നാലും, രോഗശയ്യയിൽ കിടന്നാണ്‌ അവർ ആയുസ്സു മൊത്തം കഴിച്ചതെങ്കിൽക്കൂടി- സ്വന്തം ബലക്ഷയം കൊണ്ടുതന്നെ വളരെപ്പണ്ടേ അടിഞ്ഞുപോകേണ്ടവരായിട്ടുകൂടി, രക്തബന്ധവും വിവാഹവും കൊണ്ട് തങ്ങളെ സ്നേഹിക്കുന്നവരും ആരോഗ്യം കൂടിയവരുമായ ബന്ധുക്കളിൽ അള്ളിപ്പിടിച്ചുകിടക്കുകയാണവർ-, ഇയാൾ, ഈ അവിവാഹിതൻ, ജിവിതത്തിന്റെ മദ്ധ്യത്തിലായിരിക്കെത്തന്നെ, ചെറിയൊരിടം മതി തനിയ്ക്കെന്ന് സ്വമനസ്സാലെയെന്നവണ്ണം ഒതുങ്ങുകയാണ്‌; മരിക്കുമ്പോൾ ശവപ്പെട്ടി കൃത്യമായും അയാൾക്കൊതുങ്ങുന്നതുമായിരിക്കും.

No comments: