Sunday, January 15, 2012

മിഗ്വെൽ ഹെർണാണ്ടെഥ് - തോട്ടപ്പണിക്കാർ വഴിനടന്നുപോകുന്നു...


തോട്ടപ്പണിക്കാർ വഴിനടന്നുപോകുന്നു,
മടക്കത്തിന്റെ പാവനമുഹൂർത്തത്തിൽ;
അവരുടെ ചോര ചതഞ്ഞിരിക്കുന്നു,
ഹേമന്തത്തിന്റെ, വസന്തത്തിന്റെ, ഗ്രീഷ്മത്തിന്റെ ഭാരത്താൽ.

മനുഷ്യാതീതയത്നങ്ങൾ കഴിഞ്ഞവർ വരുന്നു,
അവർ പോകുന്നു, ഒരു ഗാനത്തിലേക്ക്, ഒരു ചുംബനത്തിലേക്ക്.
വായുവിൽ കുഴികുത്തി അവർ വിട്ടുപോകുന്നു,
പണിയായുധങ്ങളുടെ, കൈകളുടെ ഗന്ധത്തെ.

മറ്റൊരു വഴിയിലൂടെ ഞാൻ പോകുന്നു,
ഒരു ചുംബനത്തിലുമെത്താത്ത വഴിയിലൂടെ,
ദിശയറ്റലയുന്നൊരു വഴിയിലൂടെ.

പുഴക്കരെ, ഒറ്റയ്ക്കൊരു കാള നിൽക്കുന്നു,
ദാരുണവും ഭയന്നതുമായ മുഖത്തോടതു കരയുന്നു,
അതു മറക്കുന്നു, കാളയാൺ‌, വീര്യവാനാണു താനെന്ന്.


No comments: