
കാലത്തിന്റെ ഉരഗവേഗത്തിൽ നിന്ന്...
കാലത്തിന്റെ ഉരഗവേഗത്തിൽ നി-
ന്നൊരുനൊടി നിങ്ങൾ മോചിതനാവുമ്പോൾ,
കുതികൊള്ളുന്ന മാനിനെപ്പോ-
ലൊരുനിമിഷം നിങ്ങൾ പിടഞ്ഞുമാറുമ്പോൾ,
ബന്ധങ്ങളെ നിങ്ങൾ പിന്നിലാക്കിപ്പായുന്നു,
വിദൂരതിയലവകളലിഞ്ഞുചേരുന്നു.
കാലമില്ലാത്ത, പ്രതീക്ഷകളില്ലാത്ത
ബന്ധമുക്തിയിലേക്കു നിങ്ങൾ പുനർജ്ജനിക്കുന്നു.
അന്ധമായ മായയുടെ...
അന്ധമായ മായയുടെ
വിരൽത്തുമ്പുകളാണു ഞങ്ങൾ,
കാരണങ്ങൾക്കു കാരണമായ
നിമിത്തകാരണമാണു നീ.
ഉയർന്നപാടെ മാഞ്ഞുപോകുന്ന
മാറ്റൊലികളാണു ഞങ്ങൾ,
സത്തിലേക്കു പാടിയുയർത്തുന്ന
മഹാഗായകനാണു നീ.
ചുരുട്ടിവച്ച പതാകകളിലെ
സിംഹചിഹ്നങ്ങളാണു ഞങ്ങൾ,
ഞങ്ങൾ ചുരുളഴിഞ്ഞുപാറുന്ന
നിശ്വാസനൃത്തമാണു നീ.
1 comment:
ആത്മീയതയുടെ ഔന്നത്യത്തിലാണ് റൂമിയുടെ കവിതകള്‍. തികച്ചും യോജിച്ച വിവര്‍ത്തനം.
Post a Comment