Monday, January 2, 2012

നിസാർ ഖബ്ബാനി - പ്രണയത്തിന്റെ ഗ്രന്ഥത്തിൽ നിന്ന്…

File:Old love letters.jpg



എന്റെ പ്രിയേ...

ഹാ,യെന്റെ പ്രിയേ,
എന്റെ ഉന്മാദത്തിന്റെ നിരപ്പിലായിരുന്നു നീയുമെങ്കിൽ
നിന്റെ പണ്ടങ്ങൾ നീ വലിച്ചെറിഞ്ഞേനേ,
നിന്റെ കടകങ്ങൾ നീ വിറ്റുകളഞ്ഞേനേ,
എന്റെ കണ്ണുകളിൽ വന്നുകിടന്നു നീയുറക്കമായേനേ.



പിന്നെയും നീ ചോദിക്കുന്നു...

പിന്നെയും നീ ചോദിക്കുന്നു,
എന്റെ പിറന്നാളെന്നെന്ന്;
നിനക്കറിയില്ലെങ്കി-
ലതെഴുതിയെടുത്തോളൂ:
നിന്റെ പ്രണയം തുറന്നുപറഞ്ഞ നാൾ തന്നെ
ഞാൻ പിറന്ന നാളും.



വാക്കുകളെല്ലാം മരിച്ചു...

വാക്കുകളെല്ലാം മരിച്ചു,
നിഘണ്ടുക്കളിലെ,
കത്തുകളിലെ, നോവലുകളിലെ.
എനിക്കിനി കണ്ടെത്തണം,
നിന്നെ പ്രണയിക്കാൻ
വാക്കുകളില്ലാത്തൊരു പ്രകാരം.

നിന്നെക്കുറിച്ചു ഞാൻ...

നിന്നെക്കുറിച്ചു ഞാനവരോടു മിണ്ടിയിട്ടില്ല,
എന്നാലെന്റെ കണ്ണുകളിൽ നീ നീരാടുന്നതവർ കണ്ടു.
നിന്നെക്കുറിച്ചു ഞാനവരോടു മിണ്ടിയിട്ടില്ല,
എന്നാൽ ഞാനെഴുതിയ വാക്കുകളിലവർ നിന്നെക്കണ്ടു.
പ്രണയത്തിന്റെ പരിമളമെങ്ങനെയൊളിപ്പിക്കാൻ?



അന്യരെപ്പോലെ പ്രണയിക്കാൻ...

അന്യരെപ്പോലെ പ്രണയിക്കാൻ വെറുപ്പാണെനിക്ക്,
അന്യരെപ്പോലെഴുതാൻ വെറുപ്പാണെനിക്ക്.
എന്റെ ചുണ്ടുകളൊരു ദേവാലയമായിരുന്നെങ്കിൽ,
എന്റെ കത്തുകൾ പള്ളിമണികളായിരുന്നെങ്കിൽ!



നീയെന്ന പ്രണയിച്ച മുഹൂർത്തത്തിൽ...

നീയെന്ന പ്രണയിച്ച മുഹൂർത്തത്തിൽ
എന്റെ വിളക്കിനു വെളിച്ചമേറി
എന്റെ നോട്ടുബുക്കുകൾ പൂത്തുലഞ്ഞു
കാര്യങ്ങളാകെ മാറി.
സൂര്യനെടുത്തമ്മാനമാടുന്ന
കുട്ടിയായി ഞാൻ,
പ്രവാചകനായി ഞാൻ,
നിന്നെക്കുറിച്ചെഴുതുമ്പോൾ.



നമ്മുടെ പ്രണയത്തിനില്ല...

നമ്മുടെ പ്രണയത്തിനില്ല,
മനസ്സും യുക്തിയും;
ജലോപരി നടക്കുന്നു.

നമ്മുടെ പ്രണയം

ആധിപ്പെടേണ്ട നീ...


ആധിപ്പെടേണ്ട നീ,
എന്റെയോമനേ,
നീയുണ്ടെന്റെ കവിതയിൽ,
എന്റെ വാക്കുകളിൽ.
നിനക്കു പ്രായമേറിക്കോട്ടെ,
എന്റെ താളുകളിൽ നീയുണ്ടാവും,
എന്നും യൗവനയുക്തയായി.



പ്രണയത്തിന്റെ പ്രവാചകൻ ...

പ്രണയത്തിന്റെ പ്രവാചകൻ ഞാൻ,
സ്ത്രീകൾക്കാശ്ചര്യങ്ങളുമായെത്തുന്നവൻ.
നിന്റെ മാറിൽ വീഞ്ഞു തളിച്ചില്ല ഞാനെങ്കിൽ
പൂത്തുലയുകയുമായിരുന്നില്ലവ.
ഞാൻ പ്രവർത്തിച്ചൊരിടത്തരമത്ഭുതത്താലത്രേ,
നിന്റെ മുലക്കണ്ണുകൾ മൊട്ടിട്ടതും.



ഞാനൊരുപാടു മാറിപ്പോയി...

ഞാനൊരുപാടു മാറിപ്പോയി.
നിന്നെ നഗ്നയായിക്കാണാനായിരുന്നു,
ഒരിക്കലെനിയ്ക്കു പൂതി,
ഒരു വെണ്ണക്കൽക്കാടു പോലെ നിന്നെക്കാണാൻ.
നിഗൂഢതയിൽ മറഞ്ഞുകിടന്നാൽ മതി
ഇന്നു നീയെനിക്ക്.



ഏതു വാക്കിനെക്കാളും...

ഏതു വാക്കിനെക്കാളുമുന്നതമാണു
നിന്നോടെന്റെ പ്രണയമെന്നതിനാൽ,
വാ മൂടിയിരിക്കുകതന്നെയെന്നു ഞാൻ വച്ചു.


ഞാൻ പ്രണയിക്കുന്നവൾ...


ഞാൻ പ്രണയിക്കുന്നവളെന്നോടു ചോദിക്കുന്നു,
താനും മാനവും തമ്മിലെന്താണു ഭേദമെന്ന്.
ഭേദമുണ്ടല്ലോ, പ്രിയേ.
നീ ചിരിക്കുന്നതു കാണുമ്പോൾ
മാനത്തിന്റെ കാര്യം ഞാൻ മറന്നേ പോകുന്നു.


ഞാൻ പ്രണയിക്കാൻ തുടങ്ങിയപ്പോൾ…


ഞാൻ പ്രണയിക്കാൻ തുടങ്ങിയപ്പോൾ
പ്രപഞ്ചമേ മാറിപ്പോയി:
സന്ധ്യയെന്റെ കീശയിലുറങ്ങി,
സൂര്യൻ പടിഞ്ഞാറുമുദിച്ചു.



എന്റെ പ്രിയേ...

എന്റെ പ്രിയേ,
കണ്ണുകൾക്കാഴമിന്നതെന്നറിയാത്തവളേ,
നീയമിത,
പാവന,
നിഗൂഢ.
നിന്റെ പ്രണയമാവർത്തിക്കാത്തത്,
ജനനമരണങ്ങളെപ്പോലെ.



ഞാൻ പ്രണയിക്കുമ്പോൾ...

ഞാൻ പ്രണയിക്കുമ്പോൾ
ഷാഹെൻഷായെന്റെ ദാസൻ,
എന്റെ ആജ്ഞാനുവർത്തി, ചീന.
കടലുകളെ ഞാൻ മാറ്റിക്കിടത്തുന്നു,
കാലത്തിന്റെ സൂചികളെയും
എനിക്കു നീക്കാമെന്നുമാവുന്നു.



എനിക്കിഷ്ടം...

എനിക്കിഷ്ടം കരയുന്ന നിന്നെ,
വിഷാദം കൊണ്ടിരുണ്ട മുഖത്തെ.
വിഷാദം നമ്മെ ഒരുമിച്ചുരുക്കുന്നു.
എനിക്കിഷ്ടമൊഴുകുന്ന കണ്ണീരിനെ,
കണ്ണീരിലീറനായ നിന്റെ മുഖത്തെ.
കരയുമ്പോഴത്രേ,
സ്ത്രീകൾ സുന്ദരികളാവുന്നു.



സഞ്ചാരിണീ...

സഞ്ചാരിണീ,
പത്തുകൊല്ലത്തിൽപ്പിന്നെയും
എന്റെ പാർശ്വത്തു തറഞ്ഞ
കുന്തമുനയാണു നീ.



വിവസ്ത്രയാവൂ...

വിവസ്ത്രയാവൂ,
യുഗങ്ങളായിട്ടുണ്ടായിട്ടില്ല,
ദിവ്യാത്ഭുതങ്ങളൊന്നും.
വിവസ്ത്രയാവൂ.
ഞാൻ മൂകൻ,
നിന്റെയുടലിനറിയാം പക്ഷേ,
ഉള്ള ഭാഷകളൊക്കെയും.



ഞാൻ പ്രണയിക്കുമ്പോൾ...

ഞാൻ പ്രണയിക്കുമ്പോൾ
ഒഴുകുന്ന വെളിച്ചമാവുന്നു ഞാൻ.
എന്റെ നോട്ടുപുസ്തകത്തിൽ
ഡെയിസിപ്പാടങ്ങളാവുന്നു കവിതകൾ.


 

No comments: