1
വിശറി വയ്ക്കാനിടം തേടുന്നു
വീശിത്തളർന്ന കൈകൾ.
2
വരൂ, കുട്ടികളേ,
പൂക്കൾക്കു വേണം
തെമ്മാടിക്കൈകളെ.
3
മഴയത്തു കയറിനിൽക്കുമ്പോൾ
ഇന്നു ഭിക്ഷ തെണ്ടാനിറങ്ങുമ്പോൾ
ഒരു മഴയത്തു ഞാൻ പെട്ടുപോയി,
പഴയൊരമ്പലത്തിനുള്ളിൽ
അല്പനേരം ഞാനഭയവും തേടി.
എന്റെ ഗതികേടോർത്തു
നിങ്ങൾ നോക്കിച്ചിരിച്ചോളൂ.
ഒരു വെള്ളക്കുപ്പിയും ഒരു ഭിക്ഷാപാത്രവും,
അത്രയും സ്വന്തമായിട്ടുള്ളവൻ.
എന്നാലെന്റേതൊരു കാവ്യജീവിതം,
ലോകത്തിന്റെ വേവലാതികളകലെയും.
4
ശരൽക്കാലസന്ധ്യ
എത്ര ശാന്തവുമേകാന്തവുമാണു ശരൽക്കാലം!
ഊന്നുവടിയിലൂന്നിനിൽക്കെ കാറ്റിനു കുളിരേറുന്നു,
ഒരേകാന്തഗ്രാമത്തിനു മേൽ മഞ്ഞിന്റെ മേലാട വീഴുന്നു,
ഒരു നാട്ടുപാലം കടന്നൊരു രൂപം വീടണയുന്നു,
പ്രാക്തനവനത്തിനുമേലൊരു കിഴവൻ കാക്ക ചേക്കയേറുന്നു,
കാട്ടുവാത്തുകളൊരു വരയായി ചക്രവാളത്തിലേക്കു ചായുന്നു.
കറുപ്പു ധരിച്ചൊരു ഭിക്ഷു മാത്രം ശേഷിക്കുന്നു
സന്ധ്യക്കു പുഴയ്ക്കു മുന്നിൽ നിശ്ചലധ്യാനത്തിൽ.
5
വാഴയിലയിൽ മഴത്തുള്ളികൾ
നിങ്ങൾ വൃദ്ധനും ജരാധീനനുമായിക്കഴിയുമ്പോൾ
ഏതു നേർത്ത ശബ്ദവും നിങ്ങളെ തട്ടിയുണർത്തും;
എന്റെ വിളക്കു മുനിഞ്ഞുകത്തുന്നു,
ഒരന്തിമഴ പെയ്തുതോരുന്നു,
തലയിണയൊതുക്കിവച്ച്
വാഴയിലകളിൽ മഴവെള്ളമിറ്റുന്നതു
മൗനമായി ഞാൻ കേട്ടുകിടക്കുന്നു.
ഈ നിമിഷത്തിന്റെ അനുഭൂതികൾ
ആരുമായി ഞാൻ പങ്കുവയ്ക്കാൻ?
6
മനുഷ്യലോകം വിട്ടാണെന്റെ ജീവിതമെങ്കിൽ
അതിലെന്നെപ്പഴിക്കേണ്ട;
തൃപ്തനാണു നിങ്ങളെങ്കിൽ
ശാന്തിയും നിങ്ങൾക്കുള്ളതു തന്നെ.
പച്ചമലകൾക്കിടയിലൊളിച്ചിരുപ്പില്ല,
മനസ്സിന്റെ ചെന്നായ്ക്കളും കടുവകളുമെന്നാരു കണ്ടു?
7
തെണ്ടിനടക്കൽ
പുല്ലു തലയിണയാക്കി
തുറന്ന പാടത്തു ഞാൻ കിടന്നു,
ആകെ കേട്ട ശബ്ദം
ഒരിരപിടിയൻ കിളിയുടെസീൽക്കാരം.
രാജാക്കന്മാർ, സാമാന്യന്മാർ-
ഒരു സായാഹ്നത്തിലെ
സ്വപ്നശകലങ്ങൾ.
8
കാട്ടുപുല്ലുകൾ വകഞ്ഞെത്രകാലം ഞാൻ കഴിച്ചുവെന്നോ,
ആഴക്കയങ്ങളിലേക്കൊരു നോട്ടം കിട്ടാൻ.
പിന്നെയാണു ഗുരു പറഞ്ഞതിന്റെ പൊരുളു ഞാനറിഞ്ഞതും
ജനിച്ച നാട്ടിലേക്കു ഞാൻ മടങ്ങിയതും.
നിങ്ങൾ വിട്ടുപോകുന്നു, നിങ്ങൾ മടങ്ങിയെത്തുന്നു,
ഒക്കെയും പക്ഷേ, പണ്ടേപ്പോലെ ശേഷിക്കുന്നു-
മലമുടി മൂടുന്ന വെണ്മേഘങ്ങൾ,
നിങ്ങളുടെ കാൽക്കലൊഴുകുന്ന ചോലകൾ.
9
വിരലുണ്ടെന്നതിനാൽ
ചന്ദ്രനെ ചൂണ്ടാൻ നിങ്ങൾക്കായെന്നായി,
ചന്ദ്രനുണ്ടെന്നതിനാൽ
വിരലിനെ നിങ്ങൾക്കറിയാമെന്നുമായി.
രണ്ടല്ല, ഒന്നല്ല, വിരലും ചന്ദ്രനും.
ഈ സദൃശവാക്യം പറയുന്നുവെങ്കിൽ
അതു വെളിപാടിലേക്കുള്ള വഴിയായി മാത്രം.
സംഗതികളതേപടി കാണാൻ നിങ്ങൾക്കായാൽ,
ചന്ദ്രനില്ല പിന്നെ, വിരലുമില്ല പിന്നെ.
10
ഈയിടത്തെത്തിയതിൽപ്പിന്നെത്ര തവണ ഞാൻ കണ്ടു,
ഇലകൾ തളിർക്കുന്നതും, പിന്നെ മഞ്ഞിച്ചുകൊഴിയുന്നതും?
വള്ളികൾ ചുറ്റിപ്പടർന്നു കിഴവൻമരങ്ങളിരുളുന്നു,
താഴവരയുടെ തണലിലും മുളകൾ കിളരം വയ്ക്കുന്നു.
രാത്രിമഴയേറ്റെന്റെ ഊന്നുവടി ദ്രവിച്ചു,
കാറ്റും മഞ്ഞും കൊണ്ടെന്റെ ഉടുവസ്ത്രം പിന്നി.
ഈ പ്രപഞ്ചത്തിന്റെ വിപുലശൂന്യതയിൽ
ഞാൻ ധ്യാനിക്കുന്നതാരെ, രാത്രിയും പകലും?
റയോകാന്‍ (1758-1831) - ജാപ്പനീസ് സെന്‍ ഗുരു
No comments:
Post a Comment