Sunday, January 8, 2012

നിസാർ ഖബ്ബാനി - നീ കാപ്പി കുടിയ്ക്കൂ...


നീ കാപ്പി കുടിയ്ക്കൂ...


നീ കാപ്പി കുടിയ്ക്കൂ,
ഞാൻ പറയുന്നതു മിണ്ടാതെ കേൾക്കൂ.
ഇനി നാമൊരുമിച്ചു കാപ്പി കുടിച്ചില്ലെന്നു വരാം,
ഇനി സംസാരിക്കാനെനിയ്ക്കവസരം കിട്ടിയില്ലെന്നു വരാം.
*
നിന്നെക്കുറിച്ചു ഞാൻ സംസാരിക്കില്ല,
എന്നെക്കുറിച്ചു ഞാൻ സംസാരിക്കില്ല,
പ്രണയത്തിന്റെ വിളുമ്പിലെ രണ്ടു പൂജ്യങ്ങളാണു നാം,
പെൻസിലു കൊണ്ടു വരച്ച രണ്ടു വരകൾ.
ഞാൻ സംസാരിക്കാം,
എന്നെക്കാളും നിന്നെക്കാളും
സുതാര്യമായതൊന്നിനെക്കുറിച്ച്,
പ്രണയത്തെക്കുറിച്ച്,
തൂത്തുകളയാൻ മാത്രമായി
നമ്മുടെ ചുമലിൽ വന്നിരിക്കുന്ന
ഈ വിസ്മയപ്പൂമ്പാറ്റയെക്കുറിച്ച്,
ചവിട്ടു കൊണ്ടരയാൻ മാത്രമായി
കടലിന്റെ കയങ്ങളിൽ നിന്നുയർന്നുവന്ന
ഈ സ്വർണ്ണമത്സ്യത്തെക്കുറിച്ച്,
തട്ടിയകറ്റാൻ മാത്രമായി
നമുക്കു നേർക്കു കൈനീട്ടുന്ന
ഈ നീലനക്ഷത്രത്തെക്കുറിച്ച്.
*

നീ സഞ്ചിയുമെടുത്തു പുറപ്പെട്ടാൽ
അതല്ല പ്രധാനം,
കോപം വന്നാൽ സഞ്ചിയുമെടുത്തു പുറപ്പെടുകയാണ്‌
എല്ലാ സ്ത്രീകളും ചെയ്യുക.
കസേരയുടെ മെത്തയിൽ
ഞാൻ സിഗരറ്റു കുത്തിക്കെടുത്തിയാൽ
അതും പ്രധാനമല്ല,
കോപം വന്നാൽ എല്ലാപുരുഷന്മാരും
അതാണു ചെയ്യുക.
അത്രയും സരളമല്ല സംഗതി.
നമ്മുടെ കൈവിട്ടുപോയിരിക്കുന്നു കാര്യങ്ങൾ.
പ്രണയത്തിന്റെ വിളുമ്പിലെ രണ്ടു പൂജ്യങ്ങളാണു നാം.
പെൻസിലു കൊണ്ടു വരച്ച രണ്ടു വരകൾ.
ഇതാണു പ്രധാനം:
കടൽ നമുക്കെറിഞ്ഞുതന്ന സ്വർണ്ണമത്സ്യം
നമ്മുടെ കൈവിരലുകൾക്കിടയിൽക്കിടന്നു
ചതഞ്ഞുപോയിരിക്കുന്നു.



ഭയക്കേണ്ട, സ്ത്രീജനമേ...

ഭയക്കേണ്ട സ്ത്രീജനമേ,
നിന്നെ ശപിക്കാനല്ല ഞാൻ വന്നത്,
എന്റെ കോപത്തിന്റെ കൊലക്കയറിൽ
നിന്നെ കെട്ടിത്തൂക്കാനുമല്ല,
എന്റെ പഴയ നോട്ടുബുക്കുകൾ
നീയുമൊരുമിച്ചിരുന്നു വായിക്കാനല്ല ഞാൻ വന്നത്.
പ്രണയത്തിന്റെ പഴയ പുസ്തകങ്ങൾ
സൂക്ഷിച്ചുവയ്ക്കാത്തവനാണു ഞാൻ,
ഓർമ്മകളിലേക്കു തിരിച്ചുനടക്കാത്തവൻ.
ഞാൻ വന്നത്
നീ എന്നിൽ നട്ട ദുഃഖപുഷ്പങ്ങൾക്കു
നന്ദി പറയാൻ.
നീയെന്നെപ്പഠിപ്പിച്ചു,
കറുത്ത പൂക്കളെ സ്നേഹിക്കാൻ,
അവയെ വാങ്ങാൻ,
എന്റെ മുറിയുടെ കോണുകളിൽ
അവ വിതറാൻ.



സ്ത്രീകൾ, ദൈവത്തിന്റെ ജ്ഞാനം

നിന്റെ കണ്ണുകളിൽ നിന്നാർദ്രത മായുന്നു,
വെള്ളത്തിലോളങ്ങൾ പോലെ.
കാലം, സ്ഥലം, പാടം,
വീടുകൾ, കടലുകൾ, കപ്പലുകൾ
ഒക്കെയും മായുന്നു.
എന്റെ മുഖം തറയിൽ വീണുടയുന്നു,
ഏതു സ്ത്രീയിതു വാങ്ങുമെന്നോർത്തു
കൈയിൽ ഞാനെടുത്തുനടന്നൊരു
ചില്ലുപാത്രം പോലെ.
വിഷാദിച്ച മുഖങ്ങളെ സ്ത്രീകൾക്കു പ്രിയമല്ലെന്നത്രേ,
ആളുകളെന്നോടു പറഞ്ഞു.
*
എന്തു പറയണമെന്നറിയാത്തൊരു സന്ധിയിൽ
നാമെത്തിപ്പെട്ടിരിക്കുന്നു,
എല്ലാ വിഷയങ്ങളുമൊന്നാവുന്നു,
പൂർവതലം പശ്ചാത്തലത്തിൽ ലയിക്കുന്നു.
നൈരാശ്യത്തിന്റെ കൊടുമുടിയിലെത്തിയിരിക്കുന്നു നാം,
അവിടെ ആകാശമൊരു വെടിയുണ്ട,
ആശ്ളേഷം തിരിച്ചടി,
മൈഥുനം കഠിനശിക്ഷയും.
*
എന്നെ പ്രേമിക്കുകയെന്നാൽ
അതു നിന്റെ തീരുമാനം,
എനിക്കറിയില്ല,
നിന്റെ ചുണ്ടുകൾ വായിക്കാൻ,
പൂഴിയ്ക്കടിയിലെപ്പോളുറ പൊന്തുമെന്നു
പ്രവചിക്കാൻ.
എനിക്കറിയില്ല,
നീ സമൃദ്ധയും പുഷ്ടയുമാകുന്നതേതു മാസത്തിലെന്ന്,
പ്രണയത്തിന്റെ കൂദാശ കൈക്കൊള്ളാൻ
നീയൊരുങ്ങന്നതേതുനാളെന്നും.


link to image


No comments: