Sunday, January 22, 2012

കാഫ്ക - അവിവാഹിതന്റെ ഗതി


1911-ലെ ഡയറിയില്‍ നിന്ന്‍


ഒക്റ്റോബർ 2

ഉറക്കമില്ലാത്ത രാത്രി. തുടർച്ചയായി മൂന്നാമത്തേത്. നല്ല ഉറക്കത്തിലേക്കു ഞാൻ വീഴുകയാണ്‌; പക്ഷേ ഒരു മണിക്കൂർ കഴിയുമ്പോൾ ഞാനുണർന്നുപോകുന്നു, ഞാൻ തല കൊണ്ടുവച്ചിടം പിശകിപ്പോയെന്നപോലെ.  നല്ല ബോധത്തിലാണു പിന്നെ ഞാൻ, ഞാനൊട്ടുമുറങ്ങിയിട്ടില്ലെന്നാണെന്റെ തോന്നൽ, ഇനിയുറങ്ങിയെങ്കിൽത്തന്നെ ലഘുനിദ്രയാണതെന്നും. ഉറങ്ങുക എന്ന അദ്ധ്വാനം രണ്ടാമതും തുടങ്ങേണ്ടിവരികയാണെനിയ്ക്ക്; ഉറക്കം എന്നെ തള്ളിക്കളഞ്ഞ പോലെയുമെനിയ്ക്കു തോന്നുന്നു. ശേഷിച്ച രാത്രി, അഞ്ചു മണിവരെയും, ഇങ്ങനെ പോകും. അതായത് ഉറങ്ങുമ്പോൾത്തന്നെ വിശദമായ സ്വപ്നങ്ങൾ എന്നെ ഉണർത്തിയിരുത്തുകയുമാണ്‌. എനിക്കരികിൽ കിടന്നു ഞാനുറങ്ങുകയാണെന്നു പറയാം; മറ്റൊരു ഞാൻ സ്വപ്നങ്ങളുമായി മല്ലു പിടിയ്ക്കുകയും. അഞ്ചുമണിയാവുന്നതോടെ ഉറക്കത്തിന്റെ അവസാനലാഞ്ഛനയും ഒഴിഞ്ഞുപോവുകയായി; പിന്നെ ശേഷിക്കുന്നതു സ്വപ്നം മാത്രം; അതാവട്ടെ, ഉണർന്നിരിക്കുന്നതിനെക്കാൾ തളർത്തുന്നതും. ചുരുക്കത്തിൽ ആരോഗ്യവാനായ ഒരാൾ ഉറക്കം പിടിയ്ക്കുന്നതിനു മുമ്പുള്ള അല്പനേരം അനുഭവിക്കുന്ന അവസ്ഥയാണ്‌ എനിക്കു രാത്രി മുഴുവൻ സഹിക്കേണ്ടിവരുന്നത്. ഉണരുമ്പോൾ കണ്ട സ്വപ്നങ്ങളൊക്കെയും ചുറ്റും വന്നു തിരക്കിക്കൂടും; പക്ഷേ അവയെക്കുറിച്ചാലോചിക്കാതിരിക്കാൻ ഞാൻ ജാഗ്രത കാണിക്കാറുണ്ട്. പുലർച്ചയാവുമ്പോൾ ഒരു നെടുവീർപ്പോടെ ഞാൻ തലയിണയിൽ മുഖമമർത്തുന്നു, കാരണം ഈ രാത്രി ഞാനിനി പ്രത്യാശ വയ്ക്കേണ്ടതില്ലെന്ന് വ്യക്തമായിക്കഴിഞ്ഞിരിക്കുകയാണ്‌. ഗാഢനിദ്രയിൽ നിന്നെഴുന്നേറ്റുവന്ന രാത്രികളെയും, ഒരടയ്ക്കയ്ക്കുള്ളിലെന്നപോലെ  ചുരുണ്ടുകൂടിയ രാത്രികളെയും കുറിച്ച് ഞാനപ്പോളോർത്തുപോകും.


ഒക്റ്റോബർ 3

സ്ഥലത്തെ പോലീസ് മേധാവിക്ക് അല്പം നീളമുള്ള ഒരു റിപ്പോർട്ട് പറഞ്ഞുകൊടുത്തെഴുതിക്കെ, അവസാനഭാഗമെത്തിയപ്പോൾ (അവിടെ ഒരു ക്ളൈമാക്സും ഉദ്ദേശിക്കപ്പെട്ടിരുന്നു)എന്റെ മനസ്സു പെട്ടെന്നു ശൂന്യമായി; ടൈപ്പിസ്റ്റ് കെ.യെ നോക്കിയിരിക്കാനേ എനിക്കു കഴിഞ്ഞുള്ളു. അവളാകട്ടെ, ഉടനെ വളരെ ഊർജ്ജസ്വലയാവുകയും, കസേര ഒന്നു പിന്നിലേക്കു നിരക്കി, ഒരു ചുമയും, മേശപ്പുറത്ത് ഒരു തട്ടലും കൊണ്ട് ഓഫീസിന്റെയാകെ ശ്രദ്ധ എന്റെ ഗതികേടിലേക്കു തിരിക്കുകയും ചെയ്തു. ഞാൻ അന്വേഷിച്ചുനടന്ന ആശയത്തിന്‌ അവളെ അടക്കിയിരുത്തുക എന്ന അധികമൂല്യം കൂടി കൈവന്നിരിക്കുന്നുവെങ്കിലും, മൂല്യമേറുന്തോറും കണ്ടുകിട്ടാൻ വിഷമമാവുകയുമാണതിനെ. ഒടുവിൽ ‘ദുഷ്കീർത്തി വരുത്തുക’ എന്ന പ്രയോഗം എനിക്കു വീണുകിട്ടുന്നു, അതിനനുരൂപമായ വാക്യവും; പക്ഷേ അതിനെ വായിൽത്തന്നെ പിടിച്ചുവച്ചിരിക്കുകയാണു ഞാൻ, അറപ്പോടെയും ഒരുതരം ലജ്ജയോടെയും; പച്ചമാംസമാണതെന്നപോലെ, എന്നിൽ നിന്നുതന്നെ മുറിച്ചെടുത്തതാണതെന്നപോലെ (അത്രയും യത്നമെടുക്കേണ്ടിവന്നിരിക്കുന്നു എനിക്കതിന്‌). അവസാനം ഞാനതു പറയുകതന്നെ ചെയ്യുന്നുണ്ട്; പക്ഷേ കാവ്യാത്മകമായൊരു സൃഷ്ടിയ്ക്ക് എന്റെ ഉള്ളിലുള്ളതാകെ ഒരുങ്ങിയിരിക്കെ, ദൈവദത്തമായൊരു വെളിപാടായിരിക്കും, ഒരു പ്രത്യക്ഷജാഗരണമായിരിക്കും അതെന്നു വ്യക്തമായിരിക്കെ, ഞാൻ ഇവിടെ, ഈ ഓഫീസിൽ ഹീനമായ ഒരൌദ്യോഗികരേഖയ്ക്കായി അത്രയും ആനന്ദത്തിനു സമർത്ഥമായ ഒരുടലിൽ നിന്ന് ഒരു കഷണം മാംസം തട്ടിപ്പറിക്കുകയാണെന്ന ഭീതി ബാക്കി നിൽക്കുകയും ചെയ്യുന്നു.

നവംബർ 2

കുറേ നാളുകൾ കൂടി ആദ്യമായി ഇന്നു രാവിലെ എന്റെ ഹൃദയത്തിനുള്ളിൽ ഒരു കത്തി കടത്തി തിരിക്കുന്നതു ഭാവനയിൽ കാണുന്നതിന്റെ ആനന്ദം വീണ്ടും.

നവംബർ 11

എന്റെയുള്ളിലുള്ളതിനെയൊക്കെ തീർച്ചയായത്, വിശ്വാസയോഗ്യമായത്, സാധ്യമായത് എന്നിങ്ങനെ ക്രമേണ തരം തിരിക്കാൻ ഞാനൊന്നു ശ്രമിച്ചുനോക്കട്ടെ. പുസ്തകങ്ങളോടുള്ള ആർത്തി തീർച്ചയായതൊന്നു തന്നെ. അവ സ്വന്തമാക്കാനോ, വായിക്കാനോ അല്ല, മറിച്ച്, അവയെ കണ്ടുകൊണ്ടിരിക്കാൻ, ഒരു പുസ്തകക്കടയിലെ അലമാരക്കള്ളികളിൽ അവയുടെ പ്രത്യക്ഷം സ്വയം ബോദ്ധ്യപ്പെടുത്താൻ മാത്രം. ഒരേ പുസ്തകത്തിന്റെ പല കോപ്പികൾ എവിടെയെങ്കിലും കണ്ടാൽ ഓരോന്നിന്റെ പേരിലും ആനന്ദമനുഭവിക്കുകയാണു ഞാൻ. ആമാശയത്തിൽ നിന്നു മുളയ്ക്കുമ്പോലെയാണ്‌ ഈ ആർത്തി, വികലമായൊരു വിശപ്പു പോലെ. എനിക്കു സ്വന്തമായിട്ടുള്ള പുസ്തകങ്ങളെക്കാളേറെ എന്റെ സഹോദരിമാരുടെ പുസ്തകങ്ങളാണ്‌ എനിക്കാഹ്ളാദമേകുന്നത്. അവ സ്വന്തമാക്കാനുള്ള ആഗ്രഹം താരതമ്യേന കുറവാണ്‌, ഇല്ലെന്നുതന്നെ പറയാം.

നവംബർ 14

ഉറക്കം വരുന്നതിനു മുമ്പ്.
ഭയാനകമായിത്തോന്നുന്നു, ഒരവിവാഹിതനായിക്കഴിയേണ്ടിവരിക; ഒരു വൈകുന്നേരം അന്യരോടൊപ്പം ചെലവഴിക്കാൻ ആഗ്രഹം തോന്നുമ്പോൾ, അതിനവരുടെ ക്ഷണത്തിനു യാചിക്കെത്തന്നെ സ്വന്തം അന്തസ്സിടിയാതെ നോക്കാൻ പാടു പെടേണ്ടിവരുന്ന ഒരു വൃദ്ധനായിപ്പോവുക; ഭക്ഷണം വാങ്ങി കൈയിലെടുക്കേണ്ടിവരിക; അലസവും പ്രശാന്തവുമായ ഒരാത്മവിശ്വാസത്തോടെ പ്രതീക്ഷിച്ചിരിക്കാൻ ആരുമില്ലാതെവരിക; ആർക്കെങ്കിലും ഒരു സമ്മാനം കൊടുക്കേണ്ടിവരുമ്പോൾ അതു വൈഷമ്യത്തോടെ, മനഃക്ളേശത്തോടെയാവുക; മുൻവാതിൽക്കൽ വച്ചുതന്നെ യാത്ര പറഞ്ഞുപോരേണ്ടിവരിക; ഒരിക്കലും അരികിൽ സ്വന്തം ഭാര്യയുമൊത്ത്  കോണിപ്പടി ഓടിക്കയറാനാവാതെവരിക; സുഖമില്ലാതെ കിടക്കുമ്പോൾ, എഴുന്നേറ്റിരിക്കാനാവുന്ന നേരത്ത് ജനാലയിലൂടെ കാണുന്ന കാഴ്ച മാത്രം സാന്ത്വനമാവുക; സ്വന്തം മുറിയ്ക്ക് അന്യരുടെ സ്വീകരണമുറികളിലേക്കു തുറക്കുന്ന വാതിലുകൾ മാത്രമുണ്ടാവുക; സ്വന്തം കുടുംബത്തിൽ നിന്നന്യനായിപ്പോവുക (അതിനോടടുപ്പം വയ്ക്കണമെങ്കിൽ അതു വിവാഹം വഴിയേ കഴിയൂ, ആദ്യം അച്ഛനമ്മമാരുടേതും, അതിന്റെ ശക്തി ക്ഷയിക്കുമ്പോൾ തന്റെയും); അന്യരുടെ കുട്ടികളെ പുകഴ്ത്തേണ്ടി വരുമ്പോൾത്തന്നെ ‘എനിക്കൊരു കുട്ടിയില്ല’ എന്നു പറയാനും കൂടി സമ്മതം കിട്ടാതെവരിക; തനിയ്ക്കു ചുറ്റും ഒരു കുടുംബം വളർന്നുവരുന്നില്ലെന്നതിനാൽ തനിയ്ക്കു പ്രായമേറുകയാണെന്നറിയാതെ വരിക; തന്റെ രൂപവും പെരുമാറ്റവും ചെറുപ്പത്തിൽ കണ്ട ഓർമ്മയുള്ള ഒന്നോ രണ്ടോ അവിവാഹിതരുടെ മട്ടിലാക്കേണ്ടി വരിക.

ഇതൊക്കെ ശരിതന്നെ; അതേ സമയം, ഭാവിയിൽ വരാനിരിക്കുന്ന യാതനകളെ സ്വന്തം കണ്ണുകൾക്കു മുന്നിൽ അത്രദൂരം നിരത്തിയിടുക എന്ന പിശകു വരുത്താനും വളരെയെളുപ്പമാണ്‌; കണ്ണുകൾ അവിടവും കടന്നുപോവുകയും, പിന്നെയൊരിക്കലും തിരിച്ചുവരാതിരിക്കുകയും ചെയ്യാം; അതേ സമയം വാസ്തവമെന്തെന്നാൽ, ഇന്നും ഇനി വരാനുള്ള നാളുകളും നിങ്ങൾ നിൽക്കും, തൊട്ടറിയാവുന്ന ഒരുടലും ഒരു യഥാർത്ഥശിരസ്സുമായി, എന്നു പറഞ്ഞാൽ, സ്വന്തം കൈത്തലം കൊണ്ടടിയ്ക്കാൻ യഥാർത്ഥത്തിലുള്ള ഒരു നെറ്റിത്തടവുമായി.

നവംബർ 21

എന്നെ പണ്ടു വളർത്തിയ സ്ത്രീ, മുഖം മഞ്ഞയും കറുപ്പുമായ, ചതുരമൂക്കായ, പണ്ടു ഞാൻ തിരുപ്പിടിച്ചു കളിച്ചിരുന്ന അരിമ്പാറ വളർന്ന കവിളുള്ള സ്ത്രീ, അവരെന്നെ കാണാൻ രണ്ടാമതും ഇന്നു വീട്ടിൽ വന്നു. അവർ ആദ്യം വരുമ്പോൾ ഞാൻ വീട്ടിലുണ്ടായിരുന്നില്ല; ഇത്തവണ, ഒന്നു സമാധാനത്തോടെ കിടന്നുറങ്ങണമെന്നെനിക്കുണ്ടായിരുന്നതിനാൽ, ഞാൻ പുറത്തുപോയിരിക്കുകയാണെന്നു പറയാൻ ഞാൻ വീട്ടുകാരോടു പറയുകയും ചെയ്തിരുന്നു. എന്തു കൊണ്ടാണ്‌ അവരെന്നെ ഇത്രയും മോശമായി വളർത്തിക്കൊണ്ടുവന്നത്, അനുസരണയുള്ള കുട്ടിയായിരുന്നു ഞാൻ, എന്നിട്ടും? ഇപ്പോൾ അടുക്കളക്കാരിയോടും, വേലക്കാരിയോടും ഞാൻ നല്ല കുട്ടിയായിരുന്നുവെന്നും, ശാന്തപ്രകൃതമായിരുന്നു എന്റേതെന്നും അവർ പറയുന്നതും ഞാൻ കേട്ടു. ഇതൊക്കെ അന്നവർ എന്റെ ഗുണത്തിനായി എന്തുകൊണ്ടുപയോഗപ്പെടുത്തിയില്ല, ഇതിലും നല്ലൊരു ഭാവി ഒരുക്കിത്തന്നില്ല? അവരിപ്പോൾ വിവാഹിതയോ, വിധവയോ ആണ്‌, കുട്ടികളുണ്ട്, അവരുടെ ചടുലമായ സംസാരം കാരണം എനിക്കുറക്കം കിട്ടുന്നില്ല; അവർ കരുതുന്നു, ഇരുപത്തൊമ്പത് എന്ന സുന്ദരമായ പ്രായത്തിൽ നല്ല ഉയരവും ആരോഗ്യവുമുള്ള , സ്വന്തം ചെറുപ്പത്തെക്കുറിച്ചോർക്കാനിഷ്ടപ്പെടുന്ന, തന്റെ ജീവിതത്തെ എങ്ങനെ കൊണ്ടുപോകണമെന്നറിയുന്ന ഒരു മാന്യദേഹമാണു ഞാനെന്ന്. അങ്ങനെയല്ല പക്ഷേ; ഞാൻ ഈ സോഫയിൽ കിടക്കുകയാണ്‌, ലോകത്തിൽ നിന്നു തൊഴിച്ചെറിയപ്പെട്ടവനായി, എന്നിലേക്ക് വരാൻ മടിയ്ക്കുന്ന, അതിനു തോന്നുമ്പോൾ മാത്രം അരികിൽ വരാൻ ദയവു കാട്ടുന്ന ആ ഉറക്കത്തെ കാത്തും കൊണ്ട്; എന്റെ സന്ധികളാകെ തളർന്നുകടയുന്നു; ഞാൻ കണ്ണു മലർക്കെത്തുറന്നു നോക്കാൻ ഭയപ്പെടുന്ന പ്രക്ഷുബ്ധതകളിലൂടെ സ്വന്തം നാശത്തിലേക്കു വിറച്ചുകൊണ്ടടുക്കുകയാണ്‌ എന്റെ ശുഷ്കിച്ച ശരീരം; എന്റെ തലയ്ക്കുള്ളിലാകെ അത്ഭുതപ്പെടുത്തുന്ന കോച്ചിവലികളുമാണ്‌. എന്റെ മുറിയുടെ വാതിലിനു മുന്നിൽ അതാ നിൽക്കുന്നു, മൂന്നു സ്ത്രീകൾ, ഒരാൾ അന്നത്തെ എന്നെ സ്തുതിക്കുന്നു, രണ്ടു പേർ ഇന്നത്തെ എന്നെയും. അടുക്കളക്കാരി പറയുന്നു ഞാൻ നേരേ - വളഞ്ഞ വഴിയൊന്നുമില്ലാതെ എന്നാണ്‌ അവർ ഉദ്ദേശിക്കുന്നത്- സ്വർഗ്ഗത്തേക്കു പോകുമെന്ന്. അതു തന്നെയാണു നടക്കാൻ പോകുന്നതും.


No comments: