Tuesday, January 3, 2012

നിസാർ ഖബ്ബാനി - നിന്നെ ഞാൻ കണ്ട നാൾ...



നിന്നെ ഞാൻ കണ്ട നാൾ...


നിന്നെ ഞാൻ കണ്ട നാൾ
ഞാൻ കീറിക്കളഞ്ഞു,
എന്റെയെല്ലാ ഭൂപടങ്ങളും
എന്റെ പ്രവചനങ്ങളും.
ഒരറബിക്കുതിരയായി മാറി ഞാൻ.
നിന്റെ മഴയുടെ പരിമളം ഞാൻ മണക്കുന്നു,
അതെന്നെ നനയ്ക്കും മുമ്പേ;
നിന്റെ ശബ്ദത്തിന്റെ താളം ഞാനറിയുന്നു,
നീ സംസാരിക്കും മുമ്പേ;
നിന്റെ മുടി ഞാനഴിച്ചിടുന്നു,
നീയതു മെടയും മുമ്പേ.



എന്റെ പുസ്തകങ്ങളടയ്ച്ചുവയ്ക്കൂ...


എന്റെ പുസ്തകങ്ങളൊക്കെയുമടച്ചുവയ്ക്കൂ,
എന്റെ മുഖത്തെ വരികൾ വായിക്കൂ.
ഞാൻ നിന്നെ നോക്കിനിൽക്കുന്നു,
ക്രിസ്തുമസ്മരത്തിനു മുന്നിൽ
ഒരു കുട്ടിയുടെ ആശ്ചര്യവുമായി.



ഇന്നലെ രാത്രിയിൽ...


ഇന്നലെ രാത്രിയിൽ ഞാനോർത്തു,
നിന്നെപ്രതി എന്റെ പ്രണയത്തെ.
എനിക്കപ്പോളോർമ്മവന്നു,
നിന്റെ ചുണ്ടത്തെ തേൻതുള്ളീകളെ;
എന്റെ ഓർമ്മയുടെ ചുവരുകളിൽ നിന്നും
പഞ്ചാരത്തരികൾ ഞാൻ നക്കിയെടുത്തു.


ഒരു മുല്ലപ്പൂമാല പോലെ നിർമ്മലയായി...


ഒരു മുല്ലപ്പൂമാല പോലെ നിർമ്മലയായി,
പീച്ചുപഴത്തൊലി പോലെ മിനുസമായി,
ഒരു കുന്തമുന പോലെ പ്രബലമായി
എന്റെ ജീവിതത്തിലേക്കു നീ തള്ളിക്കയറിവന്നു.
വിട്ടുപോകൂ,
എന്റെ നോട്ടുപുസ്തകത്താളുകളെ,
എന്റെ കിടക്കവിരികളെ,
വിട്ടുപോകൂ,
എന്റെ കാപ്പിക്കപ്പുകളെ,
എന്റെ പഞ്ചാരക്കരണ്ടികളെ,
വിട്ടുപോകൂ,
എന്റെ കുപ്പായക്കുടുക്കുകളെ,
എന്റെ തൂവാലകളുടെ അരികുകളെ,
വിട്ടുപോകൂ,
എന്റെ കൊച്ചുകൊച്ചുസംഗതികളെ,
എനിയ്ക്കു നിത്യവൃത്തി തുടരാനാവട്ടെ.




മനോഹരമായൊരു കവിത പോലെ...


മനോഹരമായൊരു കവിത പോലെ
എന്റെ നേർക്കു നീ നടന്നുവന്ന ആ മാർച്ചുമാസപ്പുലരിയിൽ
സൂര്യനും വസന്തവും നിന്നോടൊപ്പം കടന്നുവന്നു.
എന്റെ മേശപ്പുറത്തെ കടലാസുതാളുകൾ
പച്ചിലകളായി മാറി,
എന്റെ മുന്നിലെ കാപ്പിക്കപ്പ്
ചുണ്ടിലേക്കു വയ്ക്കാതെതന്നെയൊഴിഞ്ഞു. 

നീ പ്രത്യക്ഷപ്പെട്ടപ്പോൾ. 
 എന്റെ ചുമർച്ചിത്രത്തിലെ കുതിരകൾ
എന്നെ വിട്ടു നിന്റെ നേർക്കു കുതിച്ചോടി.
*
എന്നെക്കാണാൻ നീ വന്ന ആ മാർച്ചുമാസപ്പുലരിയിൽ
ഭൂമിയ്ക്കുടലു വിറച്ചു,
മണ്ണിലെങ്ങോ ഒരു നക്ഷത്രമെരിഞ്ഞുവീണു.
കുട്ടികൾ കരുതി
അതൊരു തേനടയെന്ന്,
സ്ത്രീകൾ കരുതി
അതു വജ്രം കൊണ്ടൊരു കൈവളയെന്ന്,
പുരുഷന്മാർ കരുതി
അതു ദൈവത്തിൽ നിന്നൊരടയാളമെന്ന്.


വസന്തത്തിന്റെ മേലാടയഴിച്ചുമാറ്റി,
ഒരു പെട്ടി നിറയെ വേനൽവസ്ത്രങ്ങളുമായി
ഒരു പൂമ്പാറ്റയെപ്പോലെ എനിക്കു മുന്നിൽ നീയിരുന്നപ്പോൾ,
എനിക്കു തീർച്ചയായി,
ആർക്കും തെറ്റു പറ്റിയിട്ടില്ലെന്ന്,
കുട്ടികൾക്കും,
സ്ത്രീകൾക്കും,
പുരുഷന്മാർക്കും.
തേൻ പോലെ മധുരിക്കുന്നവളാണു നീയെന്ന്,
വജ്രം പോലെ നിർമ്മലയാണു നീയെന്ന്,
ഒരു ദിവ്യാത്ഭുതം നീയെന്ന്.




1 comment:

devswat said...

ബ്രെഹ്റ്റ് എന്താണ് വരാത്തത് ? I, Bertolt Brecht, came out of the black forests. My mother moved me into the cities as I lay. Inside her body .. ശ്രമിക്കുമോ ?