1912 ഫെബ്രുവരി 26
ഒന്നു നടക്കാനിറങ്ങാൻ കാലാവസ്ഥ എന്നെ പ്രലോഭിപ്പിക്കുമോയെന്നറിയാനായി ഞാൻ മുൻവാതിൽ തുറന്നുനോക്കി. നീലാകാശമുണ്ടായിരുന്നുവെന്നതു ഞാൻ നിഷേധിക്കുന്നില്ല; അതേ സമയം, നീലിമ അരിച്ചിറങ്ങുന്ന വന്മേഘങ്ങൾ ധൂസരനിറത്തിൽ, അരികു മടങ്ങിയ പാളികളായി താഴ്ന്നിറങ്ങി നിൽക്കുന്നുമുണ്ടായിരുന്നു; അരികിലെ കാടു പിടിച്ച കുന്നുകൾക്കെതിരെയായി അവയെ നിങ്ങൾക്കു കാണാം. എന്നിട്ടുകൂടി നടക്കാനിറങ്ങിയവരെക്കൊണ്ടു തെരുവു നിറഞ്ഞിരിക്കുകയായിരുന്നു. അമ്മമാരുടെ ഉറച്ച കൈകൾ കുട്ടികളെ കിടത്തിയ ഉന്തുവണ്ടികളെ നിയന്ത്രിച്ചുകൊണ്ടു നടന്നിരുന്നു. അവിടെയുമിവിടെയുമൊക്കെ ഓരോ വണ്ടികൾ ചാടിത്തുള്ളുന്ന കുതിരകൾക്ക് ആളുകൾ വഴി മാറിക്കൊടുക്കുന്നതുവരെ മുന്നോട്ടു നീങ്ങാനാവാതെ നിന്നിരുന്നു. ഈ നേരത്ത് വണ്ടിക്കാരൻ ഒന്നും മിണ്ടാതെ വിറകൊള്ളുന്ന കടിഞ്ഞാണുകളും കൈയിൽ പിടിച്ച് നേരേ മുന്നോട്ടു നോക്കുകയും, യാതൊന്നും വിടാതെ പലതവണ സൂക്ഷ്മപരിശോധന ചെയ്യുകയും ചെയ്തിട്ട് പറ്റിയ മുഹൂർത്തം നോക്കി വണ്ടി ഇളക്കിവിടുകയാണ്. കിട്ടിയ അല്പസ്ഥലത്ത് കുട്ടികൾക്ക് ഓടിക്കളിക്കാൻ പറ്റുന്നുണ്ട്. നേർത്ത വസ്ത്രങ്ങളണിഞ്ഞ പെൺകുട്ടികൾ തപാൽ മുദ്രകളെപ്പോലെ നിറം കനത്ത തൊപ്പികളുമായി ചെറുപ്പക്കാരുടെ കൈകളിൽ കൈ ചേർത്തു നടക്കുന്നു; അവരുടെ ആ നൃത്തച്ചുവടിൽ വെളിപ്പെടുന്നുണ്ട്, അവർ തൊണ്ടകളിൽ അമർത്തിപ്പിടിച്ച ഒരു ഗാനം. കുടുംബങ്ങൾ ഒരുമിച്ചുകൂടി നിന്നിരുന്നു; ഇനിയവർ എപ്പോഴെങ്കിലും പിരിഞ്ഞ് ഒരാളൊരാൾക്കു പിന്നിൽ നടക്കേണ്ടി വന്നാലും, അപ്പോഴും കൈകൾ പിന്നിലേക്കു പോകുന്നുണ്ട്, കൈകൾ വീശുന്നുണ്ട്, ചെല്ലപ്പേരുകൾ വിളിച്ചുകേൾക്കുന്നുമുണ്ട്, കൂട്ടം തെറ്റിയവരെ തിരിച്ചു കൊണ്ടുവരാൻ. ഇതിലൊന്നിലും ഒരു പങ്കുമില്ലാതിരുന്ന പുരുഷന്മാർ കൈകൾ കീശയിലാഴ്ത്തി തങ്ങളെ പിന്നെയും ഒറ്റപ്പെടുത്തുകയാണ്. അതു ശുദ്ധ അസംബന്ധം തന്നെ. ആദ്യം ഞാൻ വാതിൽക്കൽ നിന്നു നോക്കുകയായിരുന്നു; പിന്നെ നല്ല നോട്ടം കിട്ടാനായി ഞാൻ കട്ടിളയിൽ ചാരിനിന്നു. വസ്ത്രങ്ങൾ എന്നെ ഉരുമ്മിപ്പോയി; ഒരു തവണ ഒരു പെൺകുട്ടിയുടെ പിൻവശമലങ്കരിച്ചിരുന്ന ഒരു റിബണിൽ ഞാൻ പിടി കൂടുകയും, നടന്നുപോകുന്ന വഴി അവൾ എന്റെ കൈയിൽ നിന്ന് അതു വലിച്ചൂരുകയുമുണ്ടായി. മറ്റൊരു തവണ ഒരു പെൺകുട്ടിയുടെ തോളത്തു ഞാനൊന്നു തലോടിയപ്പോൾ, അവളെയൊന്നു പുകഴ്ത്താനായിട്ടാണ് ഞാനതു ചെയ്തതും, അവളുടെ പിന്നാലെ വന്ന ഒരാൾ എന്റെ വിരലുകൾക്കു മേൽ ഒന്നടിച്ചു. ഞാനയാളെ കുറ്റിയിട്ട കതകിന്റെ പിന്നിലേക്കു പിടിച്ചുവലിച്ചു. ഞാനയളെ ശകാരിച്ചു, പൊക്കിപ്പിടിച്ച കൈയുമായി, കൺകോണിലൂടെയുള്ള നോട്ടങ്ങളിലൂടെ, ഒരടി മുന്നിലേക്കു വച്ച്, ഒരടി പിന്നിലേക്കു വച്ച്; ഒരു തള്ളും കൊടുത്ത് ഞാനയാളെ പറഞ്ഞുവിടുമ്പോൾ അയാൾക്കു സന്തോഷമായിരുന്നു. അതിനു ശേഷം സ്വാഭാവികമായും പിന്നെ പലപ്പോഴും ഞാൻ ആളുകളെ അരികിലേക്കു വിളിക്കും; വിരലൊന്നു വളച്ചാൽ മതിയായിരുന്നു അതിന്, അതല്ലെങ്കിൽ അറയ്ക്കാതെ പെട്ടെന്നൊരു നോട്ടം.
എത്ര ഉറക്കച്ചടവോടെയാണ്, ഒരു യത്നവുമെടുക്കാതെയാണ്, നിരുപയോഗമായ, പൂർണ്ണത വരാത്ത ഈ വസ്തു ഞാനെഴുതിയത്.
മാർച്ച് 2
ഇതിന്റെ യാഥാർത്ഥ്യത്തിനോ, സംഭാവ്യതയ്ക്കോ ആരെനിക്കൊരു സ്ഥിരീകരണം തരും, എന്റെ സാഹിത്യപരമായ ദൌത്യമൊന്നു കാരണമാണ് മറ്റൊന്നിലും എനിക്കു താല്പര്യമില്ലാതെ പോയതെന്നതിന്, അങ്ങനെയാണു ഞാൻ ഹൃദയശൂന്യനായതെന്നതിന്?
No comments:
Post a Comment