ചന്ദ്രനുദിക്കുമ്പോൾ
ചന്ദ്രനുദിക്കുമ്പോൾ,
പട്ടുടയാടകളണിഞ്ഞ സ്ത്രീകളുലാത്തുമ്പോൾ,
എന്റെ മനസ്സിൽ തട്ടുകയാണ്,
അവരുടെ കണ്ണുകൾ, കണ്ണിമകൾ,
ലോകത്തിന്റെ ആകവിധാനവും.
അത്രയും ശക്തമായൊരു പരസ്പരാകർഷണത്തിൽ നിന്ന്
ആത്യന്തികസത്യം പുറപ്പെട്ടുതന്നെയാവണം
എന്നും എനിക്കു തോന്നുന്നു.
1966
വരൂ പരിശുദ്ധാത്മാവേ
വരൂ, പരിശുദ്ധാത്മാവേ,
പുൽക്കൊടികളെ വളച്ചോ, അല്ലാതെയോ,
ഞങ്ങളുടെ തലയ്ക്കു മേലൊരഗ്നിജ്വാലയായോ, അല്ലാതെയോ,
കൊയ്ത്തുകാലത്തോ, പഴത്തോപ്പുകളുഴുമ്പോഴോ,
സിയേറാ നെവാദയിലെ മുരടിച്ച ദേവതാരങ്ങൾക്കു മേൽ
മഞ്ഞു വീണു മൂടുമ്പോഴോ ആവട്ടെ.
ഞാനൊരു വെറും മനുഷ്യൻ.
അടയാളങ്ങളെനിക്കു വേണം.
അമൂർത്തതകൾ കൊണ്ടു കോണി പടുക്കുമ്പോൾ
പെട്ടെന്നു തളർന്നുപോകും ഞാൻ.
എത്രകാലമായി ഞാനപേക്ഷിക്കുന്നു,
നിനക്കതറിയുകയും ചെയ്യാം,
പള്ളിയിലെ വിഗ്രഹം വിരലൊന്നുയർത്തണമെന്ന്,
ഒരിക്കൽ, ഒരിക്കൽ മാത്രം, എനിക്കായി.
അടയാളങ്ങൾ പക്ഷേ, മാനുഷികമാകണമെന്നും എനിക്കറിയാം.
അതിനാൽ ഒരാളെ വിളിയ്ക്കൂ,
ഭൂമിയിലെവിടെയായാലും
-എന്നെ വേണ്ട, ഞാനൊരു മര്യാദക്കാരനല്ലേ-
അയാളെ നോക്കുമ്പോൾ നിന്നെച്ചൊല്ലി വിസ്മയപ്പെടാൻ
എന്നെ അനുവദിക്കൂ.
1961
എന്റെ വിശ്വസ്തയായ മാതൃഭാഷേ...
എന്റെ വിശ്വസ്തയായ മാതൃഭാഷേ,
നിനക്കു സേവ ചെയ്യുകയായിരുന്നു ഞാൻ.
ഓരോ രാത്രിയും നിനക്കു മുന്നിൽ കൊച്ചളുക്കുകൾ ഞാൻ നിരത്തിവച്ചിരുന്നു,
അവയിൽ ചായങ്ങളുമായി,
നിനക്കു നിന്റെ ബിർച്ചുമരം, നിന്റെ പുൽച്ചാടി, നിന്റെ കുരുവിയും
എന്റെ ഓർമ്മയുടെ സൂക്ഷിപ്പുകളിൽ നിന്നു പകർത്താൻ.
എത്രയാണ്ടുകളങ്ങനെ പോയി.
എന്റെ ജന്മദേശമായിരുന്നു നീ.
രണ്ടാമതൊന്നെനിക്കുണ്ടായിരുന്നില്ല.
നീയൊരു ദൂതിയാവുമെന്നും ഞാൻ കരുതി,
എനിക്കും ചില നല്ല മനുഷ്യർക്കുമിടയിൽ,
വളരെക്കുറച്ചാണവരെങ്കിലും,
ഇരുപത്, പത്ത്,
പിറക്കാനിരിക്കുന്നതേയുള്ളു അവരെങ്കിലും.
ഇപ്പോൾ എന്റെ സന്ദേഹങ്ങൾ ഞാനേറ്റുപറയട്ടെ.
ചിലനേരമെനിക്കു തോന്നിപ്പോവുന്നു,
ജീവിതം ഞാൻ തുലച്ചുകളയുകയായിരുന്നുവെന്ന്.
നിന്ദിതരുടെ ഭാഷയായിരുന്നു നി,
ചിന്താശേഷിയില്ലാത്തവരുടെ,
അന്യജനതകളെക്കാളേറെ തങ്ങളെത്തന്നെ വെറുക്കുന്നവരുടെ,
ഒറ്റുകൊടുക്കുന്നവരുടെ ഭാഷ,
സ്വന്തം നിഷ്കളങ്കത തന്നെ രോഗമായ
വിഹ്വലാത്മാക്കളുടെ ഭാഷ.
നീയില്ലാതെ പക്ഷേ, ആരാണു ഞാൻ?
ഒരു വിദൂരദേശത്തെ പണ്ഡിതൻ,
ഒരു ജീവിതവിജയം,
ആകുലതകളും, അവമാനങ്ങളുമറിയാത്തവൻ.
അതെ, ആരാണു ഞാൻ, നീയില്ലാതെ?
വെറുമൊരു ചിന്തകൻ, മറ്റാരെയും പോലെ.
ഞാൻ മനസ്സിലാക്കുന്നു, എനിക്കിതൊരു പാഠമാണെന്ന്:
വ്യക്തിത്വത്തിന്റെ മഹിമകളൊക്കെ നഷ്ടമാവുന്നു,
ഒരു പ്രബോധനനാടകത്തിൽ
പാപിയ്ക്കു മുന്നിൽ വിധി ചുവന്ന പരവതാനി വിരിക്കുന്നു,
പിൻതിരശ്ശീലയിൽ ഒരു മായാദീപത്തിൽ നിന്നു വിക്ഷേപിക്കുന്നു
മനുഷ്യന്റെയും ദേവന്റെയും യാതനയുടെ ബിംബങ്ങൾ.
വിശ്വസ്തയായ മാതൃഭാഷേ,
ഒടുവിൽ ഞാൻ തന്നെ വേണം നിന്നെ രക്ഷിക്കാനെന്നാവാം.
അതിനാൽ ഇനിയും നിന്റെ മുന്നിൽ ഞാൻ നിരത്തിവയ്ക്കാം,
ചായം നിറച്ച കൊച്ചളുക്കുകൾ,
സാദ്ധ്യമെങ്കിൽ കലർപ്പില്ലാത്തതും, തിളങ്ങുന്നതും.
ഒരല്പം ചിട്ടയും സൗന്ദര്യവുമാണല്ലോ,
ദുരിതകാലത്തു വേണ്ടത്.
1968
No comments:
Post a Comment