1
നിന്റെ തോണി വെള്ളത്തിൽ വരയുന്ന
കറുത്ത താരയാണു ഞാൻ.
നിന്റെ പനമരത്തിനരികിൽ കിടത്തുന്ന
കാതരനിഴലാണു ഞാൻ.
നിന്റെ വെടിയുണ്ട വന്നുകൊള്ളുമ്പോൾ
തിത്തിരിപ്പക്ഷി കരയുന്ന
കുഞ്ഞുരോദനമാണു ഞാൻ.
2
മറ്റൊന്നുമെനിക്കാവേണ്ട,
നിന്റെ വീടിനരികിലൊരു കാരകിലെന്നല്ലാതെ,
ആ കാരകിലിന്റെയൊരു കൊമ്പെന്നല്ലാതെ,
ആ കൊമ്പിലൊരു ചില്ലയെന്നല്ലാതെ,
ആ ചില്ലയിലൊരിലയെന്നല്ലാതെ,
ആ ഇലയുടെയൊരു നിഴലെന്നല്ലാതെ,
നിന്റെ നെറ്റിത്തടത്തെ
ഒരുനിമിഷം തഴുകുന്ന
ആ നിഴലിന്റെയൊരു കുളിർമ്മയെന്നല്ലാതെ.
3
എന്റെ ഓർമ്മയുടെ ഉറവയിൽ
നിന്റെ നിഴൽപ്പൂവിനു ഞാൻ വെള്ളം തേവുന്നു-
അതിന്റെ പരിമളമേറ്റു ഞാൻ മരിക്കും.
4
നിന്റെ ആവനാഴിയിൽ നിന്നമ്പുകളെടുത്തുമാറ്റി
വയൽപ്പൂക്കളതിൽ ഞാൻ നിറച്ചു.
മുഗ്ധകളായ മാൻപേടകളെ ഞാൻ രക്ഷിച്ചു.
നിന്റെയമ്പുകൾ ചെന്നുകൊണ്ടപ്പോൾ
അവയുടെ കടാക്ഷങ്ങളോ-
ടെനിക്കസൂയ തോന്നിയിരുന്നു.
5
നമ്മുടെ പ്രണയത്തിന്റെ അയ്യായിരാമത്തെ സായാഹ്നത്തിലും
പണ്ടേപ്പോലെ കാതരനാണു ഞാൻ:
ഈറൻ പുല്പുറത്തു നിന്നു പറിച്ചെടുത്ത
നീലിച്ച തൊട്ടാവാടികൾ കൊണ്ടെന്റെ
വെളുത്ത കൈയുറകളിൽ പാടു വീഴ്ത്തിയും,
എന്റെ കോട്ടിന്റെ പോക്കട്ടിൽ ഞാനിട്ടുകൊണ്ടുവന്ന
മീവൽക്കിളിയെ ശ്വാസം മുട്ടിച്ചും.
എന്റെ ശോകത്തിന്റെ ഭാഗ്യത്തെ മറയ്ക്കാൻ
എങ്ങനെ മന്ദഹസിക്കണമെന്നെനിക്കറിയില്ല,
നിന്നെ പുണരാൻ തോന്നുമ്പോൾ
സൂര്യനെ ഞാൻ തിരിച്ചും നിർത്തുന്നു.
ഇവാൻ ഗോൾ (1891-1950) - ഫ്രഞ്ചിലും ജർമ്മനിലും കവിതയെഴുതിയിരുന്നു. 1950ൽ ലുക്കേമിയ വന്നു മരിച്ചു. ഭാര്യയും കവയിത്രിയുമായ ക്ളെയറിനെ സംബോധന ചെയ്തെഴുതിയതാണ് “മലയൻ പ്രണയഗാനങ്ങൾ.”
No comments:
Post a Comment