നിശാഗീതം
തവളകളുടെ കരച്ചിലേയുള്ളു,
രാത്രിക്കതിന്റെ നെഞ്ചിലാകെയുള്ള സംഗീതമായി-
ചതുപ്പുകളുടെ,
അഴുകുന്ന ഈറലുകളുടെ ഒരു ഗാനം,
ഇടയിൽ ചിലനേരം
നിലാവുമായി.
പൂത്ത ചെറിമരത്തോട്
ഉണരുക, ഒരേപ്രിൽമാസപ്പുലരിയിൽ
ആ ചെറിമരത്തിന്റെ വെണ്മയാവുക,
വേരു മുതലിലവരെയെരിയുക,
അതേപോലെ പൂക്കുക, കവിത വിടർത്തുക.
സ്വന്തം കൈകൾ തുറക്കുക, സ്വന്തം ചില്ലകളിൽ ശേഖരിക്കുക,
കാറ്റിനെ, വെളിച്ചത്തെ, പിന്നെയെന്തായാലുമതിനെ;
കാലമിഴയിട്ടിഴയിട്ടു ചെറിമരത്തിന്മേൽ
ഒരു ചെറിയുടെ ഹൃദയം നെയ്തെടുക്കുന്നതറിയുക.
കൈകൾ
എത്ര വ്യർത്ഥമായ കദനമാണീ കൈകളിൽ,
സ്വയം സമർപ്പിക്കുന്ന
പൂക്കൾ പോലുമല്ലവ:
തുറന്നാൽ വിഷണ്ണം മാത്രമാണവ,
മുറുക്കിയാൽ കൂറ്റൻ കണ്ണിമകളാണവ,
ഉറക്കം വന്നുമുട്ടുന്നതും.
ഉണരുകയെന്നാൽ
എന്നെവിളിച്ചുണർത്തിയതാര്,
കിളിയോ,കടലോ, പനിനീർപ്പൂവോ?
കിളിയും കടലും പനിനീർപ്പൂവും,
ഒക്കെയുമഗ്നി, ആസക്തി.
ഉണരുകയെന്നാൽ പൂവിന്റെ നിറമാവുക,
കിളിയുടെ പാട്ടും, കടലിലെ വെള്ളവുമാവുക.
മണ്ണിൽ മറഞ്ഞ ഉറവകൾ
കാറ്റൊന്നു മന്ത്രിച്ചപോലെയേയുള്ളു,
ആ ചുണ്ടുകൾ.
ചുണ്ടുകൾ? ചുണ്ടുകളെന്നോ ഞാൻ പറഞ്ഞു?
അതോ മണൽത്തരികളെന്നോ?
ചുണ്ടുകൾ. മറ്റു ചുണ്ടുകൾക്കായി
ദാഹിക്കുന്നവ.
വെണ്മയ്ക്കായി ദാഹിക്കുന്നവ.
ജ്വാല തന്നെയായി.
ജ്വാല
തുള്ളിമഞ്ഞു തന്നെയായി.
ചുണ്ടുകൾ:
മണ്ണിൽ മറഞ്ഞ ഉറവകൾ.
ഏതു നിലാശബ്ദം
ഏതു നിലാശബ്ദം പരിചയപ്പെടുത്തുന്നു,
ശബ്ദമില്ലാത്തതൊന്നിനെ?
ഏതു മുഖം രാത്രിയ്ക്കുമേൽ കൊട്ടിത്തൂവുന്നു,
പുലരിയുടെ നീലവെളിച്ചത്തെ?
ഏതു സൗവർണ്ണചുംബനം തേടിപ്പോവുന്നു,
തെന്നലിന്റെ, ജലത്തിന്റെ ചുണ്ടുകളെ?
ഏതു വെളുത്ത കൈ അലസമൊടിച്ചിടുന്നു,
നിശ്ശബ്ദതയുടെ ചില്ലകളെ?
യൂജെനിയോ ദെ അന്ദ്രാദെ (ജനനം 1923). പോർത്തുഗലിലെ ഏറ്റവും പ്രസിദ്ധനായ സമകാലീനകവി. ശ്രദ്ധാപൂർവമായ ലാളിത്യമാണ് ഈ കവിയുടെ മുഖമുദ്ര. അനാർഭാടമായ പദങ്ങളും ബിംബങ്ങളുമേയുള്ളു, അമൂർത്തതകളൊന്നുമില്ല.
No comments:
Post a Comment