പ്രണയം 1944
നഗ്നരായി
പ്രതിരോധമറ്റവരായി
ചുണ്ടിൽ ചുണ്ടുമായി
കണ്ണുകൾ
മലർക്കെത്തുറന്ന്
കാതു കൂർപ്പിച്ച്
നാമൊഴുകിനടന്നു
കണ്ണീരിന്റെയും ചോരയുടെയും
കടലിലൂടെ
1954
എന്തു ഭാഗ്യം
എന്തു ഭാഗ്യം
കാട്ടിൽ പഴങ്ങൾ പെറുക്കിനടക്കാൻ
എനിക്കാവുന്നതിൽ
ഞാൻ കരുതി
കാടില്ലെന്ന് പഴങ്ങളില്ലെന്ന്
എന്തു ഭാഗ്യം
മരത്തിന്റെ തണലിൽ
കിടക്കാനെനിക്കാവുന്നതിൽ
ഞാൻ കരുതി
മരങ്ങൾക്കിപ്പോൾ തണലില്ലെന്ന്
എന്തു ഭാഗ്യം
നിന്റെയൊപ്പമിരിക്കാനെനിക്കാവുന്നതിൽ
ഞാൻ കരുതി
ഹൃദയശൂന്യനാണു
മനുഷ്യനെന്ന്
ഒരു മരം
സന്തുഷ്ടരായിരുന്നു
പഴയകാലത്തെ കവികൾ
ലോകമൊരു മരമായിരുന്നു
അവരൊരു കുട്ടിയെപ്പോലെയും
ഞാനെന്തു തൂക്കിയിടാൻ
ഇരുമ്പിന്റെ മഴ കൊണ്ടൊരു
മരത്തിന്റെ
കൊമ്പുകളിൽ
സന്തുഷ്ടരായിരുന്നു
പഴയകാലത്തെ കവികൾ
മരത്തിനു ചുറ്റും കുട്ടിയെപ്പോലെ
അവർ നൃത്തം ചെയ്തിരുന്നു
ഞാനെന്തു തൂക്കിയിടാൻ
കത്തിക്കരിഞ്ഞതും
ഇനിയൊരിക്കലും പാടാത്തതുമായ
ഒരു മരത്തിന്റെ കൊമ്പുകളിൽ
സന്തുഷ്ടരായിരുന്നു
പഴയകാലത്തെ കവികൾ
ഓക്കുമരത്തിന്റെ ചുവട്ടിൽ
ഒരു കുട്ടിയെപ്പോലെ അവർ പാടി
ഞങ്ങളുടെ മരം പക്ഷേ
രാത്രിയിൽ നിന്നു ഞരങ്ങുന്നു
അവഹേളിക്കപ്പെട്ടൊരു
ജഡത്തിന്റെ ഭാരവുമായി
No comments:
Post a Comment