1.
ഏതു കൈകൾ കോരിയെടുക്കും,
നീയുതിർക്കുന്ന നിശ്വാസങ്ങൾ?
2.
ഇരുളു നേർപ്പിക്കുന്ന രണ്ടു കണ്ണുകൾ;
ഉദയമുറങ്ങുന്ന മുന്തിരിവല്ലികൾ,
അവളുടെ നീണ്ട കൺപീലികൾ;
അസ്തമയത്തിലുമവ തിളങ്ങുന്നു,
രണ്ടു പോപ്പിപ്പൂവുകൾ പോലെ.
3.
സ്ത്രീ:
എന്തേ നിന്റെ നെറികെട്ട കണ്ണുക-
ളെന്റെ കണ്ണുകളിലുരുകിച്ചേർന്നു?
എന്തേ നിന്റെ കൈവിരലുക-
ളെന്റെ മുടിയിൽ പൂക്കൾ മെടഞ്ഞു?
എന്റെ തരുണഹൃദയത്തിൽ നീ വിട്ടുപോയി,
വാനമ്പാടിയുടെ തേങ്ങലുകൾ;
നിന്റെ രൂപവും സാന്നിദ്ധ്യവും കൊണ്ടത്രേ,
ഞാനിന്നു ശ്വസിക്കുന്നതും, വഴി പോകുന്നതും.
എന്നെ പരിത്യജിച്ചു നീ പോകുമ്പോൾ
നീ തകർക്കുന്നതെന്റെ വീണക്കമ്പികൾ.
*
ഒരു രാത്രിയിലെന്റെ മുല്ലപ്പൂമട്ടുപ്പാവിൽ
പാതിമയക്കത്തിൽ കിടക്കെ ഞാൻ കണ്ടു,
പ്രണയാതുരയായൊരു പനിനീർപ്പൂവിനെത്തേടി
രണ്ടു മാലാഖമാർ പറന്നിറങ്ങുന്നു.
എത്ര വെണ്മയായിരുന്നവളെന്നാലും,
അവൾ ചുവന്നുതുടുക്കുന്നതു ഞാൻ കണ്ടു.
ഹാ, എത്ര ദുർബ്ബലയായിരുന്നാ പുഷ്പം!
പ്രണയത്തിന്റെ പ്രഥമചുംബനത്തിൽത്തന്നെ
അവളുടെയിതളുകളെരിഞ്ഞുകൊഴിഞ്ഞു.
അതിനാലെന്റെ മുഗ്ധകാമുകാ,
കൊളുന്തുകൾ വാസനിക്കുന്ന തോപ്പിൽ വച്ചു ഞാൻ
എന്റെ കാമനകളൊക്കെയും കാറ്റിനു കൊടുത്തു,
എന്റ കന്യകാത്വം ജലധാരയ്ക്കു കൊടുത്തു.
നിന്നെ വിശ്വസിക്കുന്നവൾ, ഈയിളംപേടമാൻ,
കണ്ണുകളുയർത്തവെ അവൾ നിന്നെക്കണ്ടു,
പിടയുന്ന സൂചിമുനകളവളുടെ ഹൃദയത്തിൽക്കൊണ്ടു.
(അവിവാഹിതയായ ഡോണാ റൊസീത്താ എന്ന നാടകത്തിൽ നിന്ന്)
2 comments:
ഈ പരിചയപ്പെടുത്തലുകളെ 'സേവനം' എന്നു വിളിക്കാനും നന്ദി പറയാനുമാണു തോന്നുന്നതു. നന്ദി.
എല്ലാം എത്ര ഭാവോജ്ജ്വലമായ ആശയങ്ങൾ... താങ്കളുടെ വാക്കുകൾ,വരികൾ..എത്ര ലയവിന്യാസം...ഏറെ അനുമോദനങ്ങൾ......
Post a Comment