Wednesday, March 14, 2012

അന്തോണിയോ മച്ചാദോ - കവി ഓർക്കുന്നു, ഗ്വഡൽക്വിവിർ പുഴയ്ക്കു മേലുള്ള പാലത്തിൽ നിൽക്കുന്ന ഒരു സ്ത്രീയെ

779px-Joseph_Wright_Landscape_with_Rainbow

അസ്തമയത്തിന്റെ ദീപ്തതാരത്തിനു മേൽ,
ഒരു വെള്ളിക്കല പോലെ ചന്ദ്രൻ തിളങ്ങുന്നു,
അരുണവർണ്ണമായ അന്തിവെളിച്ചത്തിൽ,
പുഴയുടെ ഇരുണ്ട കയങ്ങളിൽ.
ചില്ലുകൾ പോലായ നിഴലുകളുടെ അമർന്ന ശബ്ദവുമായി
പുഴയൊഴുകുന്നു,
കല്ലു പടുത്ത പാലത്തിനു ചോടെ.
നിന്റെ പേരെന്നോടു മന്ത്രിച്ചുംകൊണ്ടലസമൊഴുകുമാറേ,
എന്റെയാത്മാവിനു മോഹം,
നിന്റെയോരത്തെ പച്ച ബദാം മരങ്ങളിൽ
വസന്തം കൊളുത്തിയ പൂമരച്ചില്ലകൾ
നിന്റെ തെളിനീരൊഴുക്കിലൊടിച്ചിടാൻ.
എനിക്കു മോഹം,
അതു ചെന്നുവീഴുന്നതു കാണാൻ,
ഒഴുകിപ്പോകുന്നതു കാണാൻ,
നിന്റെ തെളിനീരലകളിലതു മറയുന്നതു കാണാൻ.
കരയുമെന്ന മട്ടായിപ്പോകുന്നു ഞാൻ...
അല തെറുക്കുന്ന വിദൂരതയിലേക്കു
നിന്നോടൊപ്പമൊഴുകുമാറാകട്ടെ എന്റെ ഹൃദയം.
ഹാ, അതുമാതിരിയൊരപരാഹ്നത്തിൽ,
നിഴലുകൾ ചില്ലുകൾ പോലായ അലസമൊരു പുഴയിൽ!...
അസ്തമയത്തിന്റെ ദീപ്തതാരത്തിനു മേൽ
വെള്ളി പോലെ ചന്ദ്രൻ തിളങ്ങുന്നു.


link to image

No comments: