Friday, March 2, 2012

ബോദ്‌ലെയർ - പൂർവ്വജന്മം


വിപുലമായ പൂമുഖങ്ങളിൽ ജീവിതം ജീവിച്ചൊരു കാലമെനിയ്ക്കുണ്ടായിരുന്നു,
പകലുകളിൽ കടലിന്റെ പകർച്ചകൾക്കൊപ്പം നിറഭേദങ്ങളാർന്നിരുന്നവയിൽ;
നെടിയ സ്തംഭങ്ങളുടെ നിരകൾ പ്രതാപത്തോടവയിലുയർന്നു നിന്നിരുന്നു,
അസ്തമയവേളകളിലാഗ്നേയശിലകളുടെ ഗുഹാമുഖങ്ങളായവ മാറിയിരുന്നു.

ആകാശത്തിന്റെ ചിതറിയ ചിത്രങ്ങളും പേറി തിരകളുരുണ്ടുകേറുമ്പോൾ
ആ കടൽപ്പെരുക്കത്തിന്റെ ഭവ്യേന്ദ്രജാലത്തിൽ കലർന്നുകേട്ടിരുന്നു,
എന്റെ കൃഷ്ണമണികളിൽ പ്രതിഫലിക്കുന്ന അസ്തമയവർണ്ണങ്ങൾക്കൊപ്പം
പല രുദ്രവീണകളൊരുമിച്ചുമീട്ടുന്ന പ്രക്ഷുബ്ധമായ പ്രബലസംഗീതവും.

വൈഷയികാലസ്യത്തിന്റെ മൂർച്ഛയിൽവീണവിടെ ഞാൻ ജീവിച്ചിരുന്നു,
അലയുന്ന തിരകൾക്കും തെന്നലുകൾക്കുമൊപ്പമവയുടെ പകിട്ടുകൾക്കിടയിൽ;
കസ്തൂരി മണക്കുന്ന, നഗ്നരായ അടിമപ്പെണ്ണുങ്ങളെനിയ്ക്കുണ്ടായിരുന്നു,

പനവിശറികൾ വീശിയെന്റെയുഷ്ണിച്ച നെറ്റിത്തലം തണുപ്പിച്ചവർ;
അവർക്കു ജീവിതത്തിലൊരുത്കണ്ഠയിതുമാത്രമായിരുന്നു,
എന്നെ വിഷാദത്തിലാഴ്ത്തിയ നിഗൂഢദുഃഖമേതെന്നു ചികഞ്ഞെടുക്കുക.


പാപത്തിന്റെ പൂക്കൾ - 12


link to image


No comments: