Sunday, March 18, 2012

നെരൂദ - പ്രഹേളികകൾ

File:Kuniyoshi Utagawa, Lobster.jpg

ഞണ്ടുകൾ പൊന്നിൻകാലുകൾ കൊണ്ടു നെയ്തെടുക്കുന്നതെന്തെന്ന്
നീയെന്നോടു ചോദിച്ചു;
ഞാൻ പറഞ്ഞു: അതു കടലിനോടു ചോദിക്കൂ.
സുതാര്യചർമ്മവുമായി കടൽച്ചൊറികൾ കാത്തിരിക്കുന്നതെന്തിനെയെന്നു
നീ ചോദിക്കുന്നു; അതെന്തു കാത്തിരിക്കുന്നുവെന്ന്.
ഞാൻ പറഞ്ഞു: നിന്നെപ്പോലെ അതും തന്റെ കാലം കാത്തിരിക്കുന്നുവെന്ന്.
മാക്രോസിസ്റ്റിസ് കടല്പായലിന്റെ ആശ്ളേഷമെത്രത്തോളമെത്തുന്നുവെന്നു
നീ ചോദ്യമായി.
ഞാനറിയുന്നൊരു കടലിൽ, ഒരു പ്രത്യേകമുഹൂർത്തത്തിൽ
നോക്കിനോക്കിയിരിക്കൂ.
കൊമ്പൻതിമിംഗലത്തിന്റെ കുടിലദന്തത്തെക്കുറിച്ചും നീ ചോദിക്കുമെന്നതു തീർച്ച;
കടലിലെ യൂണീക്കോണുകൾ ചാട്ടുളിയേറ്റു ചാവുന്നതിനെക്കുറിച്ചു ഞാൻ പറയും.
തെക്കൻകടലിന്റെ വിമലഗർഭങ്ങളിൽ വിറക്കൊള്ളുന്ന
പൊന്മയുടെ തൂവലുകളെക്കുറിച്ചു നീ ചോദിക്കില്ലേ?
കടൽനാക്കിന്റെ ചില്ലുവിതാനത്തെക്കുറിച്ചും നിനക്കു സംശയമുണ്ടാവുമല്ലോ,
അതെങ്ങനെ കുരുക്കഴിക്കുമെന്നും?
കടൽത്തട്ടിലെ കൂർമ്പൻവേലികളിൽ വൈദ്യുതി പായിക്കുന്നതേതെന്നു നിനക്കറിയണോ?
നടക്കുമ്പോളടരുന്ന പടച്ചട്ട പോലത്തെ ചുണ്ണാമ്പുകല്ലിനെക്കുറിച്ചും?
ചൂണ്ടക്കാരൻ മീനിന്റെ ചൂണ്ടയെക്കുറിച്ചും,
കടൽക്കയങ്ങളിൽ നാട പോലെ വലിച്ചുകെട്ടിയ സംഗീതത്തെക്കുറിച്ചും?

എനിക്കു പറയണമെന്നുണ്ട്, അതൊക്കെ കടലിനറിയുമെന്ന്,
അതിന്റെ കലവറകളിൽ ജീവിതം വിപുലവും,
അസംഖ്യവും, വിമലവുമാണെന്ന്,
തുടുത്ത മുന്തിരിക്കുലകൾക്കിടയിൽ കാലം വിളക്കിയെടുത്തിരിക്കുന്നു,
കല്ലിച്ച പൂവിതളുകളെയും, കടൽവെള്ളരിയുടെ വെളിച്ചത്തെയുമെന്ന്,
പവിഴപ്പുറ്റുകൾ കൊണ്ടുണ്ടാക്കിയൊരു സമൃദ്ധകാഹളത്തിൽ നിന്ന്
സംഗീതത്തിന്റെ നൂലാമാലകളതിഴവേർപിരിക്കുന്നുവെന്ന്.

ഒന്നുമല്ല ഞാൻ, ഒരൊഴിഞ്ഞ വല,
മനുഷ്യനേത്രങ്ങൾക്കും മുമ്പേ പോയത്,
ആ ഇരുട്ടിൽ നിർജ്ജീവമായത്,
ത്രികോണത്തിനും, ഒരു മധുരനാരങ്ങയുടെ കാതരമായ പാതിഗോളത്തിനും
പരിചിതമായ വിരലുകൾ.

നിന്നെപ്പോലെതന്നെയാണു ഞാൻ ജീവിച്ചതും,
അന്തമറ്റ നക്ഷത്രവെളിച്ചത്തെ തുരന്നുകേറാൻ നോക്കിയും;
എന്റെ വലയിൽ, രാത്രിയിൽ, നഗ്നനായി ഞാൻ ഞെട്ടിയുണർന്നു,
ഞാനാകെപ്പിടിച്ചതോ, കാറ്റിൽ കുടുങ്ങിയൊരു പരലുമീനും.


link to image


No comments: